എക്സ്പോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്റർ (DEC) വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി. 2024 സെപ്റ്റംബർ 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
10 ബില്യൺ ദിർഹം നിക്ഷേപത്തിലൂടെ ഈ എക്സിബിഷൻ സെന്റർ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് അംഗീകാരം നൽകിയതായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

വികസനപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മേഖലയിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ ഇവെന്റ്സ്, എക്സിബിഷൻ വേദിയായി ദുബായ് എക്സിബിഷൻ സെന്റർ മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി. ആഗോള തലത്തിലുള്ള പരിപാടികൾക്കും, പ്രദര്ശനങ്ങൾക്കും വേദിയാകുന്നതിലൂടെ ദുബായ് എക്സ്പോ സിറ്റിയെ ഒരു പ്രധാനപ്പെട്ട ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റുക എന്ന നയം പ്രതിഫലിക്കുന്നതാണ് ഈ തീരുമാനം.

മൂന്ന് ഘട്ടങ്ങളിലായാണ് DEC വികസന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം 2026-ലും, രണ്ടാം ഘട്ടം 2028-ലും, അവസാന ഘട്ടം 2031-ലും പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
Cover Image: Dubai Media Office.