പാം ജബൽ അലി വികസന പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2023 മെയ് 31-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് 2040 അർബൻ മാസ്റ്റർപ്ലാനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ നഖീലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

പാം ജുമേയ്റയെക്കാൾ ഏതാണ്ട് ഇരട്ടി വലിപ്പമുള്ളതാണ് 13.4 കിലോമീറ്റർ വിസ്തൃതിയിലുള്ള പാം ജബൽ അലി പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി എമിറേറ്റിന് ഏതാണ്ട് 110 കിലോമീറ്ററോളം പുതിയ തീരപ്രദേശം ലഭ്യമാകുന്നതാണ്.

ഇതിൽ 80-ൽ പരം ഹോട്ടലുകളും, റിസോർട്ടുകളും ഉണ്ടായിരിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബിസിനസ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ലോകത്തെ തന്നെ ഏറ്റവും പ്രധാന നഗരം എന്ന സ്ഥാനത്തേക്ക് ദുബായിയെ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള നയത്തിന് ഈ പദ്ധതി പിന്തുണ നൽകുന്നു. ജബൽ അലി പ്രദേശത്തിന്റെ സമഗ്ര വികസനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
WAM [Cover Image: Dubai Media Office.]