ദുബായ്: 30 ബില്യൺ ദിർഹം മൂല്യമുള്ള മഴവെള്ള ഡ്രെയ്‌നേജ് പദ്ധതിയ്ക്ക് അംഗീകാരം നൽകി

featured GCC News

30 ബില്യൺ ദിർഹം മൂല്യമുള്ള മഴവെള്ള ഡ്രെയ്‌നേജ് പദ്ധതിയായ ‘തസ്‌രീഫ്’ പദ്ധതിയ്ക്ക് ദുബായ് അധികൃതർ അംഗീകാരം നൽകി. ദുബായിലെ മഴവെള്ള ഡ്രെയ്‌നേജ് ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടാണിത്.

2024 ജൂൺ 24-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.

മുപ്പത് ബില്യൺ അകെ ചെലവ് വരുന്ന ഈ പദ്ധതി ദുബായിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ തന്ത്രപ്രധാന അടിസ്ഥാനവികസന പദ്ധതികളിലൊന്നാണ്. ‘തസ്‌രീഫ്’ പദ്ധതി ദുബായിലെ മഴവെള്ള ഡ്രെയ്‌നേജ് ശൃംഖലയുടെ ശേഷി 700% ഉയർത്തുന്നതും, എമിറേറ്റിലെ മുഴുവൻ മേഖലകളെയും ഉൾകൊള്ളുന്നതുമായിരിക്കും.

ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് ആഹ്മെദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ കൂടി പങ്കെടുത്ത ഒരു ചടങ്ങിലാണ് ദുബായ് ഭരണാധികാരി ഈ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.

Source: Dubai Media Office.

എമിറേറ്റിൽ കൂടുതൽ സുരക്ഷിതവും, കാര്യക്ഷമവും, ബഹുമുഖ സ്വഭാവമുള്ളതും, ഭാവിയിലെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് പ്രാപ്തിയുള്ളതുമായ ഒരു മഴവെള്ള ഡ്രെയ്‌നേജ് സംവിധാനം ഒരുക്കുന്നതിനായാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ദുബായ് ഭരണാധികാരി ചൂണ്ടിക്കാട്ടി.

Source: Dubai Media Office.

മേഖലയിലെ തന്നെ ഏറ്റവും വലിയ മഴവെള്ള ഡ്രെയ്‌നേജ്, സംഭരണ പദ്ധതിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിലെ കാലാവസ്ഥാ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതിന് ദുബായിയെ പ്രാപ്തമാക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പ്രതിദിനം 20 മില്യൺ ക്യൂബിക് മീറ്റർ വെള്ളം ഉൾക്കൊള്ളാനാകുന്ന രീതിയിലൊരുക്കുന്ന ഈ പദ്ധതി ദുബായിയുടെ അടുത്ത 100 വർഷത്തെ ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതി 2033-ൽ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.