ദുബായ്: അൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചു

featured UAE

അൽ മംസാർ ബീച്ച് വികസനപദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള കരാർ അനുവദിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 ജനുവരി 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അൽ മംസാർ കോർണിഷ് മേഖലയിലെ ബീച്ചിന്റെ വികസനത്തിനാണ് രണ്ടാം ഘട്ടത്തിൽ ഊന്നൽ നൽകുന്നത്. 400 മില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി അൽ മംസാർ കോർണിഷ് ബീച്ചിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പ്രത്യേക കടൽത്തീരം ഒരുക്കുന്നതാണ്. സ്വകാര്യത, സുരക്ഷ എന്നീ ഘടകങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയായിരിക്കും ഇത് നിർമ്മിക്കുന്നത്.

ഇതിന് പുറമെ നടത്തിനും, ഓട്ടത്തിനും, സൈക്ലിങിനുമായുള്ള ആയിരം മീറ്റർ നീളമുള്ള ഒരു പ്രത്യേക പാത ഈ പദ്ധതിയുടെ ഭാഗമായി അൽ മംസാർ കോർണിഷ് ബീച്ചിൽ ഒരുക്കുന്നുണ്ട്. അൽ മംസാർ ക്രീക്ക് ബീച്ച്, അൽ മംസാർ പാർക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പാത ഒരുക്കുന്നത്.

പരിപാടികളും മറ്റും സംഘടിപ്പിക്കുന്നതിനുള്ള 5000 മീറ്റർ വിസ്തൃതിയുള്ള ഒരു പ്രത്യേക മേഖല, 2000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള സ്‌കേറ്റ്ബോർഡ് കോർട്ട്, കുട്ടികൾക്കുള്ള കളിയിടങ്ങൾ, റസ്റ്റ്റൂമുകൾ മുതലായവയും അൽ മംസാർ കോർണിഷ് ബീച്ചിൽ നിർമ്മിക്കുന്നുണ്ട്.