പാസ്സ്‌പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം നടപ്പിലാക്കുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം 2025 സെപ്റ്റംബർ 1 മുതൽ പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം ഏർപ്പെടുത്തുന്നതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്നവയായിരിക്കണമെന്ന് ഈ അറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
2025 സെപ്റ്റംബർ 1 മുതൽ ICAO മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമായിരിക്കും പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സ്വീകരിക്കുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. പാസ്സ്‌പോർട്ട് സേവാ പോർട്ടലിലൂടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്.
2025 സെപ്റ്റംബർ 1 മുതൽ പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾ താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണം:
- കളർ ഫോട്ടോ ആയിരിക്കണം.
- ഇവയുടെ വലിപ്പം 630 x 810 പിക്സൽ ആയിരിക്കണം.
- ഫോട്ടോ വെളുത്ത പശ്ചാത്തലതിലായിരിക്കണം.
- അപേക്ഷകന്റെ മുഖം മുൻവശത്ത് നിന്ന് പൂർണ്ണമായും വ്യക്തമാക്കുന്ന ചിത്രമായിരിക്കണം.
- ഈ ഫോട്ടോയുടെ എൺപത് മുതൽ എൺപത്തഞ്ച് ശതമാനം വരെ പ്രദേശം അപേക്ഷകന്റെ മുഖം ഉൾകൊള്ളുന്ന രീതിയിലായിരിക്കണം.
- കണ്ണ് തുറന്നിരിക്കുന്ന, കണ്ണിൽ വെളിച്ചത്തിന്റെ പ്രതിഫലനം ഇല്ലാത്ത രീതിയിൽ വ്യക്തതയുള്ള ചിത്രമായിരിക്കണം.
- ഫോട്ടോയിൽ നിഴലുകളോ, ഫ്ലാഷ് ലൈറ്റ് പ്രതിഫലനമോ പാടില്ല.
- വായ തുറന്നിരിക്കുന്നതോ, ചെരിഞ്ഞിരിക്കുന്നതോ ആയ ചിത്രങ്ങൾ അനുവദിക്കുന്നതല്ല. സ്വാഭാവികമായ മുഖഭാവത്തോട് കൂടിയുള്ള ഫോട്ടോ ആയിരിക്കണം.
- ചർമ്മത്തിൻ്റെ നിറം സ്വാഭാവികമായ രീതിയിൽ പ്രതിഫലിക്കുന്ന ഫോട്ടോ നിർബന്ധം. സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ അനുവദിക്കുന്നതല്ല.
- 1.5 മീറ്റർ അകലത്തിൽ നിന്നെടുത്ത രീതിയിലുള്ളവയായിരിക്കണം.
- കണ്ണ് മൂടുന്ന രീതിയിൽ തലമുടി വീണ് കിടക്കുന്ന ഫോട്ടോകൾ അനുവദിക്കില്ല.
- മതപരമായ കാര്യങ്ങൾക്കുള്ള ശിരോവസ്ത്രങ്ങൾ ഒഴികെയുള്ളവ അനുവദിക്കുന്നതല്ല.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.cgidubai.gov.in/content/ICAO-Photograph-guideline-for-e-Passport-1.pdf എന്ന വിലാസത്തിൽ പി ഡി എഫ് രൂപത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

