പ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ട് നടക്കുന്ന ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.
ഫോൺ കാളുകളിലൂടെയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവാസി ഇന്ത്യക്കാരെ ഇരയാക്കുന്നതെന്ന് കോൺസുലേറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് കൊണ്ട് കോൺസുലേറ്റിൽ നിന്ന് വ്യക്തികളെ നേരിട്ട് ബന്ധപ്പെടാറില്ലെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു.
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്ന രീതിയിലാണ് തട്ടിപ്പ് സംഘാംഗങ്ങൾ പ്രവാസികളെ ബന്ധപ്പെടുന്നത്. വ്യക്തികളിൽ നിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് കോൺസുലേറ്റ് അറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കോൺസുലേറ്റ് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ, ഓടിപി നമ്പറുകൾ, പിൻ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ഇത്തരം ഫോൺ കാളുകളിലൂടെ കൈമാറരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.