ദുബായ്: അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി RTA

featured GCC News

അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജനുവരി 11-നാണ് RTA ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.

ആഗോളതലത്തിൽ തന്നെ മുൻനിരയിലുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി കമ്പനിയാണ് ഓൺപാസീവ്. അൽ സഫ മെട്രോ സ്റ്റേഷൻ പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അനുമതി അടുത്ത പത്ത് വർഷത്തേക്കാണ് ഓൺപാസീവിന് നൽകിയിരിക്കുന്നത്.

Source: RTA.

ദുബായ് മെട്രോ ശൃംഖലയുടെ റെഡ് ലൈനിലാണ് (ഷെയ്ഖ് സായിദ് റോഡിൽ) ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന പുതിയ പേര് സംബന്ധിച്ച് ഔട്ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, ആപ്പുകൾ ഉൾപ്പടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിലെ പ്രധാന ഇടങ്ങളുമായി ബന്ധപ്പെടുത്തി വാണിജ്യ ബ്രാൻഡുകൾക്ക് തങ്ങളുടെ പേരുകൾ ഉപയോഗിക്കാൻ അവസരം നൽകുന്ന നയത്തിന്റെ ഭാഗമായാണ് RTA-യുടെ ഈ തീരുമാനം.

ഇതേ നയത്തിന്റെ ഭാഗമായി 2021 ഓഗസ്റ്റിൽ RTA ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേര് ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്നും, അൽ ജഫ്‌ലിയ സ്റ്റേഷന്റെ പേര് ‘മാക്സ് ഫാഷൻ’ എന്നും, അൽ റഷ്ദിയാ സ്റ്റേഷന്റെ പേര് ‘സെന്റർപോയിന്റ്’ എന്നും, ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്നും മാറ്റിയിരുന്നു.

Cover Image: RTA.

Leave a Reply

Your email address will not be published. Required fields are marked *