മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ മൂന്ന് ദിവസത്തെ ബോധവത്‌കരണ പരിപാടിയുമായി ദുബായ് പോലീസ്

featured UAE

മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ദുബായ് പോലീസ് മൂന്ന് ദിവസത്തെ ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കുന്നു. മയക്കുമരുന്ന്, മറ്റു ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകൾ ചൂണ്ടിക്കാട്ടുന്നത് ലക്ഷ്യമിട്ടാണ് ഈ ബോധവത്‌കരണ പരിപാടി സംഘടിപ്പിക്കുന്നത്.

ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബിൽ വെച്ച് സംഘടിപ്പിച്ച ഒരു പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2025 ജൂൺ 30 മുതൽ ജൂലൈ 2 വരെ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ചാണ് ഈ പരിപാടി അരങ്ങേറുന്നത്. അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായാണ് ദുബായ് പോലീസ് ഈ മൂന്ന് ദിവസത്തെ പ്രദർശനവും, ബോധവത്‌കരണ പരിപാടിയും ഒരുക്കുന്നത്.

എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി, അൽ അമീൻ സർവീസ്, നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ, ഇറാദ സെന്റര് ഫോർ ട്രീറ്റ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളും ഈ പ്രദർശനത്തിൽ പങ്കാളികളാണ്. ഇവരോടൊപ്പം ദുബായ് പോലീസിന്റെ വിവിധ വകുപ്പുകളും ഈ പ്രദർശനത്തിൽ അണിചേരുന്നതാണ്.