വിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് ദുബായ് പോലീസ് നിർദ്ദേശം നൽകി. ഉപയോഗത്തിനിടയിൽ വാഹനങ്ങൾ പെട്ടന്ന് കേടാകുന്നതും, തീപിടിക്കുന്നതും ഉൾപ്പടെയുള്ള അപകടങ്ങൾ തടയുന്നതിന് ഇത് വളരെ പ്രധാനമാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.
ഏപ്രിൽ 24-നാണ് ദുബായ് പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വേനൽകാലമാകുന്നതോടെ വാഹനങ്ങൾക്ക് തീപിടിക്കുന്ന തരത്തിലുള്ള അപകടങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് ദുബായ് പോലീസിലെ ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. ഇത്തരം അപകടങ്ങൾ മനുഷ്യജീവൻ നഷ്ടപ്പെടുന്നതിലേക്കും, മറ്റു നാശനഷ്ടങ്ങളിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായ ഇടവേളകളിൽ വാഹനങ്ങൾ പരിശോധിക്കുന്നതും, അവയുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതും ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് ഏറെ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങളിലെ കേടായ ഭാഗങ്ങൾ മാറ്റുന്നതും, എൻജിൻ തകരാറുകളും, ഇലക്ട്രിക് തകരാറുകളും കൃത്യമായി പരിഹരിക്കുന്നതും വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത്തരം തകരാറുകൾ കൃത്യമായി പരിഹരിക്കുന്നതിൽ അശ്രദ്ധ പുലർത്തുന്നതും, ഇത്തരം അറ്റകുറ്റപ്പണികൾക്കായി വിശ്വാസയോഗ്യമല്ലാത്ത വാഹന റിപ്പയർ കേന്ദ്രങ്ങളെ ആശ്രയിക്കുന്നതുമാണ് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ തീപിടിക്കുന്നതിന് പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ വാഹന ഉടമകൾ മനസ്സിലാക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. വാഹനങ്ങളിൽ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ ഒരു കാരണവശാലും സൂക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി വാഹനങ്ങളിലെ ഇന്ധന ടാങ്ക്, ഓയിൽ ടാങ്ക്, എൻജിൻ കൂളന്റ് ടാങ്ക് എന്നിവയുടെ ചോർച്ചകൾ പരിശോധിച്ച് ചോർച്ചയില്ലാ എന്ന് ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തേയ്മാനം വന്നതും, കേടുപാടുകൾ സംഭവിച്ചതുമായ ടയറുകൾ കൃത്യമായി മാറ്റുന്നതിനും, അവയിൽ കൃത്യമായ അളവിൽ വായു നിറച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും അദ്ദേഹം വാഹന ഉടമകൾക്ക് നിർദ്ദേശം നൽകി.