ഉയർന്ന താപനില: വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി

UAE

ചൂടുകാലത്ത് കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് ജനറൽ കമാൻഡ് രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി. ഇത്തരം കാലാവസ്ഥയിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ താപനില 70 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാമെന്നും, ഇത് മാരകമായ പ്രത്യാഘാതങ്ങൾക്കിടയാക്കാമെന്നും ദുബായ് പോലീസ് ഓർമ്മപ്പെടുത്തി.

ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ, ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തികളുടെ ഗൗരവം ഊന്നിപ്പറയുന്നതിനായി “ഒരിക്കലും ഒരു കുട്ടിയെയും വാഹനത്തിനുള്ളിൽ ഒറ്റക്കിരുത്തരുത്” എന്ന മുദ്രാവാക്യമുയർത്തി ബോധവൽക്കരണ സന്ദേശം നൽകുന്ന ഒരു പ്രചാരണ പരിപാടിക്ക് ദുബായ് പോലീസ് രൂപം നൽകിയിരുന്നു. വർഷം മുഴുവൻ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും വിശകലനം ചെയ്യാനും കൈകാര്യം ചെയ്യാനും ദുബായ് പോലീസ് അക്ഷീണം പ്രവർത്തിക്കുന്നുവെന്ന് ദുബായ് പോലീസിലെ സുരക്ഷാ ബോധവൽക്കരണ വിഭാഗം ഡയറക്ടർ ബുട്ടി അൽ ഫലസി വ്യക്തമാക്കി.

“രക്ഷിതാക്കളുടെ അശ്രദ്ധ മൂലം ഇത്തരത്തിൽ കുട്ടികളെ കാറുകൾക്കുള്ളിൽ ഒറ്റക്കിരുത്തുന്നത് പലപ്പോഴും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലപ്പോഴും രക്ഷിതാക്കൾ ഈ പ്രവർത്തിയുടെ ഗുരുതരമായ അപകട സാധ്യതകളെക്കുറിച്ച് ചിന്തിക്കാതെയാണ് കുട്ടികളെ വാഹനങ്ങളിൽ തനിയെ ഇരുത്തുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ, പൂട്ടിയ വാഹനങ്ങളിൽ അകപ്പെട്ടുപോയ 39 കുട്ടികളെ ഞങ്ങൾ രക്ഷിച്ചു.” അൽ ഫലസി കൂട്ടിച്ചേർത്തു.

കുടുത്ത ചൂടിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിയെ ഇരുത്തുന്നത് ഓക്സിജന്റെ അഭാവവും മൂലം ശ്വാസംമുട്ടൽ, ബോധം നഷ്ടപ്പെടൽ തുടങ്ങി മരണം വരെ സംഭവിക്കാനിടയാക്കുന്നതാണ്.

WAM