ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്തു കൊണ്ടുള്ള വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 4-നാണ് ദുബായ് പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്.

ഭക്ഷണപാനീയങ്ങൾ, ആഡംബര റിസോർട്ടുകളിലെയും, ഹോട്ടലുകളിലെയും താമസം തുടങ്ങിയ വിവിധ സേവനങ്ങൾക്കും, ഉത്പന്നങ്ങൾക്കും അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളായി ചമഞ്ഞ് കൊണ്ട് തട്ടിപ്പ് സംഘങ്ങൾ ഓൺലൈൻ പ്രതലങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകുന്നതായി ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് പോലീസ് കൂട്ടിച്ചേർത്തു.

ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലുള്ള ആന്റി-ഫ്രോഡ് സെന്ററാണ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വകുപ്പ് നടത്തുന്ന ‘ബി അവെയർ ഓഫ് ഫ്രോഡ്’ എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

വിലക്കിഴിവ് നേടുന്നതിൽ പൊതുജനങ്ങൾക്കുള്ള താത്പര്യം മുതലെടുക്കുകയാണ് ഇത്തരം കുറ്റവാളികൾ ചെയ്യുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇതിനായി അവർ ഉപഭോക്താക്കൾക്ക് നിരസിക്കാനാകാത്ത തരത്തിലുള്ള വിലക്കിഴിവുകളും, വാഗ്ദാനങ്ങളും മറ്റും ഉൾപ്പെടുത്തിയുള്ള വ്യാജ പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും, ഇവയ്‌ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കുന്നതിനായി കൈക്കൊള്ളാവുന്ന ചില മുൻകരുതൽ നിർദ്ദേശങ്ങളും പോലീസ് പങ്ക് വെച്ചിട്ടുണ്ട്:

  • അയാഥാർത്ഥ്യമായ വിലക്കിഴിവുകൾ, വാഗ്‌ദാനങ്ങൾ എന്നിവയെ സംശയത്തോടെ കാണേണ്ടതാണ്. ഇതിനാൽ ഇത്തരം വിലക്കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്ന പരസ്യങ്ങളിൽ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കേണ്ടതും, ഇത്തരം പരസ്യങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത് ഒഴിവാക്കേണ്ടതും ഏറെ പ്രധാനമാണ്.
  • ഇത്തരം പരസ്യങ്ങൾ പങ്ക് വെക്കുന്ന സ്രോതസ്സുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം പരസ്യങ്ങളിൽ കാണുന്ന വെബ്സൈറ്റുകൾ, ഇവ പങ്ക് വെക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ഓൺലൈൻ വിമർശനങ്ങൾ പിന്തുടരുന്നതിലൂടെ അവയുടെ ആധികാരികത കണ്ടെത്താവുന്നതാണ്.
  • ഇത്തരം പരസ്യങ്ങളുടെ ആധികാരികത പലപ്പോഴും അവയിൽ ഉപയോഗിച്ചിട്ടുള്ള ഭാഷ, അവയിൽ വരുത്തിയിട്ടുള്ള അക്ഷരത്തെറ്റുകൾ, തെറ്റായ വ്യാകരണം മുതലായവയുടെ കണ്ടെത്താവുന്നതാണ്.
  • ഇത്തരം പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ കസ്റ്റമർ കെയർ നമ്പറുകളിൽ ബന്ധപ്പെട്ട് അവയുടെ ആധികാരികത ഉറപ്പാക്കാവുന്നതാണ്.
  • സംശയകരമായ വെബ്സൈറ്റുകളിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന ഓ ടി പി മുതലായ നൽകരുത്.
  • നിങ്ങൾ ഇത്തരം തട്ടിപ്പുകൾക്കിരയായതായി സംശയിക്കുന്ന സാഹചര്യങ്ങളിൽ ദുബായ് പോലീസ് സ്മാർട് ആപ്പ്, 901 എന്ന നമ്പർ എന്നിവയിലൂടെ അധികൃതരുമായി ഈ വിവരം പങ്ക് വെക്കാവുന്നതാണ്.