അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിയമവിരുദ്ധമായ കരിമരുന്ന്, പടക്കം എന്നിവ വിപണനം ചെയ്യുന്നവർക്കും, ഉപയോഗിക്കുന്നവർക്കും കർശനമായ ശിക്ഷകൾ നൽകുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ മാസത്തിൽ കുട്ടികളെ സംരക്ഷിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ മുന്നറിയിപ്പ്.
കരിമരുന്നുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് പോലീസ് എക്സ്പ്ലോസീവ്സ് മാനേജ്‌മന്റ് വകുപ്പിലെ ഫസ്റ്റ് ലെഫ്റ്റനന്റ് എൻജിനീയർ അൽ റീം അബ്ദുൽ റഹ്‌മാൻ അബ്ദുല്ല പടക്കങ്ങളുടെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി. പടക്കങ്ങൾ ഗുരുതരമായ പൊള്ളൽ, അംഗഭംഗം, കണ്ണിന് പരിക്കുകൾ, കേൾവിക്കുറവ് എന്നിവയ്ക്ക് കാരണമാകുമെന്നും, പാർപ്പിടമേഖലകളിൽ പരിഭ്രാന്തിയും കുഴപ്പങ്ങളും സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, വെടിക്കോപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം ’17/ 2019′-ലെ ആർട്ടിക്കിൾ 54 പ്രകാരം രാജ്യത്ത് ലൈസൻസ് കൂടാതെ കരിമരുന്ന് ഉത്പന്നങ്ങളുടെ വിപണനം, ഇറക്കുമതി, കയറ്റുമതി, ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവ്, ഒരു ലക്ഷം ദിർഹം പിഴ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

