ദുബായ്: ഖാലിദ് ബിൻ അൽ വലീദ് റോഡിൽ ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്ന് RTA

featured UAE

ഖാലിദ് ബിൻ അൽ വലീദ് റോഡിൽ 2023 ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്നും, ഇതിന്റെ ഭാഗമായി യാത്രകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂലൈ 8-നാണ് RTA ഇക്കാര്യം അറിയിച്ചത്.

2023 ജൂലൈ 9 മുതൽ 2023 ജൂലൈ 23-ന് പുലർച്ചെ 5 മണിവരെയാണ് ഈ റൂട്ടിലെ യാത്രകൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് RTA ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഖാലിദ് ബിൻ അൽ വലീദ് റോഡിലെ അൽ ഗുബൈബ, അൽ മിന സ്റ്റേഷൻ എന്നിവയുടെ ഇന്റർസെക്ഷനിലാണ് ഈ ഗതാഗത തടസം അനുഭവപ്പെടാൻ സാധ്യതയുള്ളത്.

ഈ റൂട്ടിൽ നൽകിയിട്ടുള്ള ഗതാഗത അറിയിപ്പുകൾ പിന്തുടരാനും, ഷെയ്ഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്, കുവൈറ്റ് സ്ട്രീറ്റ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് മുതലായ മറ്റു റോഡുകൾ ഉപയോഗിക്കാനും RTA ആഹ്വാനം ചെയ്തിട്ടുണ്ട്.