എക്സ്പോ 2020 ദുബായ് വേദിയിലേക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഒരുക്കി RTA

featured UAE

എക്സ്പോ 2020 ദുബായ് വേദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അതിവിപുലമായ പൊതുഗതാഗത സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനായി 15 ബില്യൺ ദിർഹം ചെലവഴിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, റോഡ് പദ്ധതികളും തയ്യാറാക്കി കഴിഞ്ഞതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായിൽ നിന്നും, യു എ ഇയിലുടനീളമുള്ള മറ്റ് എമിറേറ്റുകളിൽ നിന്നും എക്സ്പോ 2020 വേദിയിലേക്കുള്ള സന്ദർശകർക്ക് അതുല്യവും, സുഗമവും, വേഗതയാർന്നതുമായ യാത്രാ സേവനങ്ങൾ നൽകുന്നതിന് റോഡുകളുടെയും, ബഹുജന ഗതാഗത ശൃംഖലകളുടെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് RTA എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മട്ടാർ മുഹമ്മദ് അൽ തായർ സ്ഥിരീകരിച്ചു.

എക്‌സ്‌പോ 2020-യുമായി ബന്ധപ്പെട്ട് RTA 15 ബില്ല്യൺ ദിർഹത്തിലധികം ചെലവിൽ 15 പ്രോജക്റ്റുകൾ പൂർത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. 15 കിലോമീറ്റർ ദൈർഘ്യമുള്ള, ഏഴ് സ്റ്റേഷനുകൾ ബന്ധിപ്പിക്കുന്ന ദുബായ് മെട്രോയുടെ റൂട്ട് 2020, 9 ഫ്ലൈ ഓവറുകളുള്ള 138 ലെയ്ൻ കിലോമീറ്ററുകളോളം ദൈർഘ്യമുള്ള റോഡുകളുടെ നിർമ്മാണം, പൊതുഗതാഗതത്തിനായി നൂതനമായ 200 പുതിയ ബസുകൾ, ദുബായിലും, യു എ ഇയിലെ മറ്റ് പ്രധാന നഗരങ്ങളിലുമുള്ള ഇടങ്ങളിൽ ബസുകൾക്കായി 18 സ്റ്റേഷനുകൾ/സ്റ്റോപ്പുകൾ, പതിനയ്യായിരത്തിലധികം ടാക്സികൾ, ലിമോസിനുകൾ, എക്സ്പോ വേദിയിൽ 30000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

എക്സ്പോ സന്ദർശകർക്ക് ഏറ്റവും മികച്ച യാത്രാനുഭവം നൽകുന്നതിനായി മെട്രോ, ബസുകൾ, ടാക്സികൾ എന്നിവയിൽ RTA സ്മാർട്ട് സാങ്കേതികവിദ്യകൾ, ആപ്പുകൾ, കൃത്രിമ ബുദ്ധി എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ലോകത്തിലെ ഏറ്റവും വലുതും സങ്കീർണ്ണവുമായ നിയന്ത്രണ കേന്ദ്രങ്ങളിലൊന്നാണ്. ട്രാഫിക് നിയന്ത്രിക്കുന്നതിനായി അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഇന്റലിജന്റ് ട്രാഫിക് സെന്ററും ഇതോടൊപ്പം RTA നിർമ്മിച്ചിട്ടുണ്ട്.

പൊതുഗതാഗത സംവിധാനങ്ങൾ:

ദുബായ് മെട്രോ, ട്രാം സേവനങ്ങൾ:

എക്സ്പോ 2020-ന്റെ ഔദ്യോഗിക ഉദ്ഘാടനവുമായി സമന്വയിപ്പിക്കുന്ന രീതിയിലാണ് ദുബായ് മെട്രോ എക്സ്പോ 2020 സ്റ്റേഷൻ ഒക്ടോബർ 1-ന് പ്രവർത്തിക്കുക എന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ, രാവിലെ 05:00 മുതൽ രാത്രി 01:15 വരെ പ്രവർത്തിക്കുന്നതാണ്. വ്യാഴാഴ്ച്ചകളിൽ രാവിലെ 05:00 മുതൽ രാത്രി 02:15 വരെയും, വെള്ളിയാഴ്ച്ചകളിൽ രാവിലെ 08:00 മുതൽ രാത്രി 01:15 വരെയും മെട്രോ സേവനങ്ങൾ ഉറപ്പാക്കുന്നതാണ്.

തിരക്കേറിയ സമയങ്ങളിൽ മെട്രോ സേവനങ്ങളുടെ സേവന ആവൃത്തി 2:38 മിനിറ്റായിരിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്. ദുബായ് ട്രാം ശനിയാഴ്ച മുതൽ വ്യാഴം വരെ, രാവിലെ 06:00 മുതൽ രാത്രി 01:00 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ രാവിലെ 08:00 മുതൽ രാത്രി 01:00 വരെ ദുബായ് ട്രാം പ്രവർത്തിക്കുന്നതാണ്.

തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 29000 റൈഡർമാർക്കും പ്രതിദിനം 522000 റൈഡർമാർക്കും സേവനം നൽകാൻ കഴിയുന്ന രീതിയിലാണ് എക്സ്പോ സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ച് കൊണ്ട്, ബസ്സുകൾക്കും ടാക്സി സ്റ്റാൻഡുകൾക്കുമുള്ള ഇടങ്ങൾ നൽകിക്കൊണ്ടാണ് എക്സ്പോ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.

ബസ് സർവീസുകൾ:

എക്സ്പോ ബസുകൾ രാവിലെ 06:30 മുതൽ പ്രവർത്തിക്കുകയും എക്സ്പോ ഗേറ്റ്സ് അടച്ചതിനുശേഷം 90 മിനിറ്റ് സർവീസ് തുടരുകയും ചെയ്യുന്നതാണ്. കാർ പാർക്കുകളിൽ നിന്ന് മൂന്ന് എക്സ്പോ ഗേറ്റുകളിലേക്ക് (ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയിനിബിലിറ്റി) സന്ദർശകരെ എത്തിക്കുന്നതിനുള്ള എക്സ്പോ പാർക്കിംഗ് ഷട്ടിൽ സർവീസ് രാവിലെ 09:00-ന് ആരംഭിക്കുകയും എക്സ്പോ ഗേറ്റുകൾ അടച്ചതിനുശേഷം 90 മിനിറ്റ് തുടരുകയും ചെയ്യും.

എക്‌സ്‌പോ ഗേറ്റുകൾക്കിടയിൽ സന്ദർശകരെ എത്തിക്കുന്നതിനുള്ള എക്സ്പോ പീപ്പിൾ മൂവർ സർവീസ് രാവിലെ 06:30-ന് ആരംഭിക്കുകയും എക്സ്പോ ഗേറ്റുകൾ അടച്ചതിനുശേഷം 90 മിനിറ്റ് തുടരുകയും ചെയ്യും. ടാക്സി, ഇ-ഹെയ്ൽ സേവനങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നതാണ്.

എമിറേറ്റിലെ ഒമ്പത് ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശകർക്കായി പ്രത്യേക “എക്സ്പോ റൈഡർ” സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് RTA നേരത്തെ അറിയിച്ചിരുന്നു.

ടാക്സി സേവനങ്ങൾ:

എക്‌സ്‌പോ 2020 സന്ദർശകർക്ക് സേവനം നൽകാൻ RTA 15000 ടാക്സികളും ലിമോസൈനുകളും വിന്യസിച്ചിട്ടുണ്ട്. ഇതിൽ ഉബറിന്റെയും കരീമിന്റെയും ഇ-ഹെയ്ൽ സേവനങ്ങളിലൂടെ ബുക്ക് ചെയ്യാവുന്ന 9710 ടാക്സികളും 5681 ലിമോസീനുകളും ഉൾപ്പെടുന്നു.

എക്സ്പോ 2020 വേദിയിൽ ആവശ്യമായ എണ്ണം ടാക്‌സികൾ ഉറപ്പ് വരുത്തുന്നതിനായി RTA ഒരു ഓട്ടോമേറ്റഡ് ടാക്സി വിന്യാസ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ യാത്രികർക്ക് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ഉപകരണങ്ങൾ ഉപയോഗിക്കാതെ തന്നെ അലിപേ ആപ്പ് ഇ-വാലറ്റ് വഴിയും, ക്യുആർ കോഡ് സേവനത്തിലൂടെയും ടാക്സി നിരക്ക് അടയ്ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബസ് അറൈവൽ ടച്ച് സ്ക്രീനുകൾ ഉപയോഗിച്ച് ടാക്സികൾ ബുക്ക് ചെയ്യുന്നതിനായി ഹാല കരീം ആപ്പുമായി സമന്വയിപ്പിക്കുന്ന ഒരു സംവിധാനവും എക്സ്പോ 2020-യുമായി ബന്ധപ്പെട്ട് കൊണ്ട് പ്രയോഗക്ഷമമാക്കിയിട്ടുണ്ട്.

WAM