ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മിർദിഫിൽ ഗതാഗത നിയന്ത്രണം

featured GCC News

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ മിർദിഫിൽ വാഹനങ്ങൾ താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് അധികൃതർ അറിയിച്ചു. 2025 ജൂലൈ 15-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ മേഖലയിൽ താത്കാലിക ഗതാഗത നിയന്ത്രണം ഉള്ളതിനാൽ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും, മറ്റു റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോട് RTA നിർദ്ദേശിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് RTA അറിയിച്ചിരിക്കുന്നത്:

  • മിർദിഫ് സിറ്റി സെന്ററിനരികിലെ ‘5th’ സ്ട്രീറ്റ്, ‘8th’ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ റൗണ്ട്എബൌട്ട് ഇന്റർസെക്ഷൻ അടയ്ക്കുന്നതാണ്. ഇവിടെ നിന്നുള്ള വാഹനങ്ങൾ താഴെ പറയുന്നത് പ്രകാരം വഴിതിരിച്ച് വിടുന്നതാണ്.
  • ‘5th’ സ്ട്രീറ്റിൽ നിന്നുള്ള ഗതാഗതം ‘8th’ സ്‌ട്രീറ്റിലൂടെ മിർദിഫ് സിറ്റി സെന്ററിലേക്ക് വഴിതിരിച്ച് വിടുന്നതാണ്.
  • ‘8th’ സ്ട്രീറ്റിൽ നിന്നുള്ള ഗതാഗതം ‘6th’ സ്‌ട്രീറ്റിലൂടെ അൾജീരിയ സ്‌ട്രീറ്റിലേക്ക് വഴിതിരിച്ച് വിടുന്നതാണ്.
  • മാൾ സന്ദർശകർക്ക് പാർക്കിംഗ് ഏരിയയിലേക്ക് എത്തുന്നതിനായി ഒരു പുതിയ ആക്സസ് റോഡ് ഏർപ്പെടുത്തുന്നതാണ്.
  • മിർദിഫ് സിറ്റി സെന്റർ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി ഖോറൂബ്‌ സ്ക്വയറിനരികിൽ ഒരു യു-ടേൺ ഏർപ്പെടുത്തുന്നതാണ്.

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്റ്റേഷന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025 ജൂൺ 9-ന് തറക്കല്ലിട്ടിരുന്നു. ആകെ 56 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി മുപ്പത് കിലോമീറ്റർ നീളത്തിൽ, 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.