ദുബായ്: ബെയ്റൂത്ത് സ്ട്രീറ്റ് നവീകരണ പദ്ധതി പൂർത്തിയാക്കിയതായി RTA

GCC News

ബെയ്റൂത്ത് സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 നവംബർ 28-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി ബെയ്റൂത്ത് സ്ട്രീറ്റിൽ അൽ നഹ്ദ സ്ട്രീറ്റിൽ നിന്ന് അമ്മാൻ സ്ട്രീറ്റുമായി കൂടിച്ചേരുന്ന ഇന്റർസെക്ഷൻ മുതൽ മൂന്ന് കിലോമീറ്റർ നീളമുള്ള ഒരു പുതിയ ലെയിൻ നിർമ്മിച്ചിട്ടുണ്ട്. ബെയ്റൂത്ത് സ്ട്രീറ്റ് ബാഗ്ദാദ് സ്ട്രീറ്റുമായി കൂടിച്ചേരുന്ന ഇന്റർസെക്ഷനിൽ ഒരു സ്റ്റോറേജ് ലെയിനും പുതിയതായി നിർമ്മിച്ചിട്ടുണ്ട്.

ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ ബെയ്റൂത്ത് സ്ട്രീറ്റിൽ നിന്ന് എയർപോർട്ട് ടണൽ, ബാഗ്ദാദ് സ്ട്രീറ്റിലൂടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രാ സമയം കുറയുന്നതാണ്. മണിക്കൂറിൽ ആറായിരം വാഹനങ്ങൾക്ക് വരെ കടന്ന് പോകാനാകുന്ന രീതിയിലുള്ള നവീകരണപ്രവർത്തനങ്ങളാണ് ബെയ്റൂത്ത് സ്ട്രീറ്റിൽ നടത്തിയിരിക്കുന്നത്.