ദുബായ് – അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന അൽ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 നവംബർ 27-നാണ് RTA ഇക്കാര്യം അറിയിച്ചത്.
2022 മെയ് മാസത്തിലാണ് ദുബായ് – അൽ ഐൻ റോഡ് വികസന പദ്ധതി ആരംഭിച്ചത്. ദുബായിയിലെ ഗതാഗതം, റോഡുകൾ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അൽ മെയ്ദാൻ, അൽ മനാമ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഒരു പുതിയ ട്രാഫിക് കോറിഡോർ നിർമ്മിക്കുകയും, ദുബായ് – അൽ ഐൻ പാതയുടെ മുകളിലൂടെ ഇരുവശത്തേക്കും നാല് വരികൾ വീതമുള്ള ഒരു ഫ്ലൈഓവർ നിർമ്മിക്കുകയും ചെയ്യുന്നത് ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നതാണ്. ഇതിന്റെ ഭാഗമായി ഏദെൻ സ്ട്രീറ്റ്, സനാ സ്ട്രീറ്റ്, നാദ് അൽ ഹമാർ സ്ട്രീറ്റ് എന്നിവയുമായി അൽ മനാമ സ്ട്രീറ്റിനെ ബന്ധിപ്പിക്കുന്ന ഇന്റർസെക്ഷനുകളെ സിഗ്നലുകളുള്ള ജംഗ്ഷനുകളാക്കി മാറ്റിയിട്ടുണ്ട്.