2021 ജൂൺ 1 മുതൽ എമിറേറ്റിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. മെയ് 23-ന് രാത്രിയാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റിലെ പൊതു ഗതാഗത ബസ് സർവീസ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും, ബസ് റൂട്ടുകളെ എമിറേറ്റിലെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്നതിനുമായാണ് ഈ നടപടിയെന്ന് RTA വ്യക്തമാക്കി. ജൂൺ 1 മുതൽ നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ബസ് റൂട്ട് റദ്ദ് ചെയ്യുന്നതിനും, ഏതാനം റൂട്ടുകൾ മെച്ചപ്പെടുത്തുന്നതിനായി ഭേദഗതി ചെയ്യുന്നതിനും RTA തീരുമാനിച്ചിട്ടുണ്ട്.
താഴെ പറയുന്ന ബസ് റൂട്ടുകളാണ് ജൂൺ 1 മുതൽ പുതിയതായി RTA ആരംഭിക്കുന്നത്.
- റൂട്ട് 14 – ഔദ് മേത്ത സ്റ്റേഷനിൽ നിന്ന് അൽ സഫ ബസ് സ്റ്റോപ്പിലേക്ക്. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് തോറും സർവീസ്.
- റൂട്ട് 23 – ഔദ് മേത്ത സ്റ്റേഷനിൽ നിന്ന് അൽ നഹ്ദ 1-ലേക്ക് ഓരോ 30 മിനിറ്റ് തോറും സർവീസ്.
- റൂട്ട് 26 – ഔദ് മേത്ത സ്റ്റേഷനിൽ നിന്ന് ബിസിനസ് ബേ ബസ് സ്റ്റേഷൻ 2-ലേക്ക്. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് തോറും സർവീസ്. വെള്ളിയാഴ്ച്ചകളിൽ ഈ സർവീസ് ഇല്ല.
- റൂട്ട് F50 – ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് കോംപ്ലക്സ് 2-ലേക്ക് ഓരോ മുപ്പത് മിനിറ്റ് ഇടവേളയിലുമുള്ള മെട്രോ ലിങ്ക് സർവീസ്.
- റൂട്ട് F51 – ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് കോംപ്ലക്സ് 1-ലേക്ക് ഓരോ ഇരുപത് മിനിറ്റ് ഇടവേളയിലുമുള്ള മെട്രോ ലിങ്ക് സർവീസ്.
ജൂൺ 1 മുതൽ റൂട്ട് C14 നിർത്തലാക്കാനും RTA തീരുമാനിച്ചിട്ടുണ്ട്. ഈ ബസ് റൂട്ട് ഉപയോഗപ്പെടുത്തിയിരുന്നവർക്ക് റൂട്ട് 14, റൂട്ട് 23 എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ താഴെ പറയുന്ന ഏതാനം റൂട്ടുകളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും RTA തീരുമാനിച്ചിട്ടുണ്ട്:
- റൂട്ട് 20 – വർസനിലെ ഫ്ലൈ ദുബായ് ഹെഡ് ഓഫീസ് വരെ സേവനങ്ങൾ നൽകുന്ന രീതിയിൽ നീട്ടും.
- റൂട്ട് F09 – ഈ റൂട്ട് ഒരു സർക്കുലർ റൂട്ടാക്കി മറ്റും. ഈ റൂട്ട് അൽ വാസൽ പാർക്കിലേക്ക് സേവനം നൽകില്ല.
- F14, F19A, F19B എന്നീ റൂട്ടുകൾ ബിസിനസ് ബേ 2 ബസ് സ്റ്റേഷൻ വരെ സേവനങ്ങൾ നൽകുന്ന രീതിയിൽ നീട്ടുന്നതാണ്.
- റൂട്ട് X23 – തിരക്ക് കുറവുള്ള സമയങ്ങളിൽ ഈ റൂട്ട് ഔദ് മേത്ത ബസ് സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നതാണ്.
ജൂൺ 1 മുതൽ 20, 61D, 66, 91, 91A, 95, C03, C05, C18, E303, E306, E307, E307A, F03, F09, F14, F19A, F19B, F49, F50, F51, F55, F61, F70, X23, X25, X92, X94 എന്നീ റൂട്ടുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്താനും RTA തീരുമാനിച്ചിട്ടുണ്ട്.
ജൂൺ 1 മുതൽ ദുബായ് മെട്രോ ഗ്രീൻ ലൈനിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നതിനും RTA തീരുമാനിച്ചിട്ടുണ്ട്.