ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഉപയോക്താക്കൾക്കായി പൊതുഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾ നൽകുന്ന ‘നോൾ ട്രാവൽ’ ഡിസ്‌കൗണ്ട് കാർഡ് അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉപയോക്താക്കൾക്ക് പൊതുഗതാഗതം, ടാക്സി എന്നിവയുടെ നിരക്കുകളിലെ ആനുകൂല്യങ്ങൾക്കൊപ്പം, പാർക്കിംഗ് ഫീസ്, ഹോട്ടൽ, റസ്റ്ററന്റ്, വ്യാപാരശാലകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെ പ്രത്യേക ഓഫറുകൾ എന്നിവയും ഈ കാർഡിൽ ലഭ്യമാണ്.
എംഡിഎക്സ് സോല്യൂഷൻസ് മിഡിൽ ഈസ്റ്റുമായി സഹകരിച്ചാണ് RTA ഈ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. സൂം, അൽ അൻസാരി എക്സ്ചേഞ്ച്, എയർപോർട്ടിലെ യൂറോ കാർ, റെയ്‌ന ടൂർസ് ഓഫീസുകൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് ഈ കാർഡ് ലഭ്യമാണ്.
യു എ ഇയിലെ നിവാസികൾ, വിനോദസഞ്ചാരികൾ, സന്ദർശകർ എന്നിവരുൾപ്പെടെയുള്ള പൊതുഗതാഗത ഉപയോക്താക്കൾക്കുള്ള പ്രോത്സാഹന പാക്കേജാണ് നോൽ ട്രാവൽ കാർഡ് എന്ന് RTA കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സി ഇ ഒ മുഹമ്മദ് യൂസഫ് അൽ മുദർറെബ് വ്യക്തമാക്കി.
പൊതുഗതാഗത, ടാക്സി നിരക്കുകൾ, പാർക്കിംഗ് ഫീസ്, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ വാങ്ങലുകൾ എന്നിവ ഉൾപ്പെടെ നിലവിലുള്ള നോൾ കാർഡിൻ്റെ ആനുകൂല്യങ്ങൾ ഈ കാർഡ് പൂർത്തീകരിക്കുന്നു. ‘നോൾ ട്രാവൽ’ കാർഡ് വാങ്ങുന്നവർക്ക് ഒരു സാധാരണ നോൾ കാർഡ് ലഭിക്കുന്നതാണ്.
WAM