ദുബായ് മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഒക്ടോബർ 4-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഏതാനം നിബന്ധനകൾ പാലിച്ച് കൊണ്ട് പൊതുജനങ്ങൾക്ക് തങ്ങളുടെ മടക്കി വെക്കാവുന്ന ഇ-സ്കൂട്ടറുകളുമായി ദുബായ് മെട്രോ, ട്രാം എന്നിവയിൽ സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ടാണ് ദുബായ് മെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് അനുമതി നൽകിയിരിക്കുന്നത്:
- മടക്കി വെക്കാവുന്ന ഇ-സ്കൂട്ടറുകൾക്ക് മാത്രമാണ് ഇത്തരം അനുമതി.
- ഇത്തരം ഇ-സ്കൂട്ടറുകൾ വെക്കുന്നതിനായി ദുബായ് മെട്രോ, ട്രാം എന്നിവയിൽ അനുവദിച്ചിട്ടുള്ള പ്രത്യേക ഏരിയയിൽ മാത്രമാണ് ഇവ സൂക്ഷിക്കുന്നതിന് അനുമതി. വാതിലുകൾ, സീറ്റുകൾ, എമെർജൻസി ഉപകരണങ്ങൾ എന്നിവയ്ക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഇവ സൂക്ഷിക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല.
- ദുബായ് മെട്രോ, ട്രാം എന്നിവയുടെ പരിസരങ്ങളിൽ ഇ-സ്കൂട്ടറുകൾ ചാർജ് ചെയ്യുന്നതിന് അനുമതിയില്ല.
- നനഞ്ഞതും, ചളി പിടിച്ചതുമായ ഇ-സ്കൂട്ടറുകൾ ദുബായ് മെട്രോ, ട്രാം എന്നിവയുടെ പരിസരങ്ങളിൽ പ്രവേശിപ്പിക്കരുത്.
- മെട്രോ, ട്രാം സ്റ്റേഷനുകൾ, ഇവയിലേക്കുള്ള ഫൂട്ട്ബ്രിഡ്ജുകൾ എന്നിവയിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നതിന് അനുമതിയില്ല.
- മെട്രോ, ട്രാം സ്റ്റേഷനുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിനുകൾ എന്നിവയിൽ കയറുന്ന അവസരത്തിൽ ഇത്തരം ഇ-സ്കൂട്ടറുകൾ മടക്കി വെക്കേണ്ടതാണ്.
- ഇ-സ്കൂട്ടറുകളുമായി മെട്രോ, ട്രാം സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുന്നതിന് വലിയ ഗേറ്റുകൾ ഉപയോഗിക്കേണ്ടതാണ്.
- ദുബായ് മെട്രോ, ട്രാം എന്നിവയുടെ പരിസരങ്ങളിൽ മുഴുവൻ സമയവും ഇത്തരം ഇ-സ്കൂട്ടറുകൾ ഓഫ് ചെയ്ത നിലയിലായിരിക്കണം.
- ഇ-സ്കൂട്ടറുകളിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ഹാൻഡിൽ ബാർ, പെഡലുകൾ തുടങ്ങിയ ഭാഗങ്ങൾ സുരക്ഷിതമായി പൊതിയുകയോ, അകത്തേക്ക് വലിച്ച് വെക്കുകയോ ചെയ്യേണ്ടതാണ്.
- ദുബായ് മെട്രോ, ട്രാം എന്നിവയിൽ ഇ-സ്കൂട്ടറുകൾ സുരക്ഷിതമായി കൊണ്ട് പോകുന്നതിന്റെ ഉത്തരവാദിത്വം അവ ഉപയോഗിക്കുന്ന യാത്രികരുടേതാണ്.
2024 മാർച്ച് 1 മുതൽ മെട്രോ, ട്രാം എന്നിവയിൽ RTA ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.