എമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി 19 റസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ജൂലൈ 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തോടെയാണ് RTA ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബായിലെ പ്രധാനപ്പെട്ട 19 ഇടങ്ങളിലായാണ് RTA ഈ ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നത്.
ഇതിൽ മൂന്ന് ഇന്റഗ്രേറ്റഡ് ട്രക്ക്സ് ലേ-ബൈകളും ഉൾപ്പെടുന്നു. മറ്റുള്ള 16 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകൾ ദുബായിലെ ട്രക്ക് ഗതാഗതം ഏറ്റവും കൂടുതലുള്ള ആറ് പ്രധാന ഇടങ്ങളിലായാണ് നിർമ്മിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് – ഹത്ത റോഡ്, ദുബായ് അൽ-ഐൻ റോഡ്, ജെബൽ അലി – ലെഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് ഈ ട്രക്ക് റസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നത്. ഏതാണ്ട് ആകെ മൂന്ന് ലക്ഷം സ്ക്വയർ മീറ്ററിലധികം വിസ്തൃതിയിൽ നിർമ്മിക്കുന്ന ഈ 19 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളിലുമായി ആയിരത്തിലധികം ട്രക്കുകളെയും, വലിയ വാഹനങ്ങളെയും ഒരേസമയം ഉൾക്കൊള്ളാനാകുന്നതാണ്.
ദുബായിൽ നിർമ്മിക്കുന്ന മൂന്ന് ഇന്റഗ്രേറ്റഡ് ട്രക്ക്സ് ലേ-ബൈകളിൽ ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പ് വരുത്തുന്നതിനായുള്ള വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഇതിൽ ഡീസൽ ഇന്ധന സ്റ്റേഷനുകൾ, മോട്ടലുകൾ, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനുള്ള വർക്ക്ഷോപ്പുകൾ, റെസ്റ്ററന്റുകൾ, പ്രാർത്ഥനാ മുറികൾ, ഡ്രൈവിംഗ് ട്രെയിനിങ്ങ് സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, എക്സ്ചേഞ്ച് ഷോപ്പുകൾ, ലൗണ്ടറി സേവനങ്ങൾ, മറ്റു സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഇതിൽ ഓരോ ഇന്റഗ്രേറ്റഡ് ട്രക്ക്സ് ലേ-ബൈകളിലും ഒരേസമയം 120 മുതൽ 200 ട്രക്കുകൾ വരെ നിർത്തിയിടാവുന്നതാണ്. ഇവ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലാണ് നിർമ്മിക്കുന്നത്. മറ്റുള്ള 16 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളിൽ വാഹന സർവീസിനുള്ള സൗകര്യങ്ങൾ, പ്രാർത്ഥനാ മുറികൾ, ഡീസൽ ഇന്ധന സ്റ്റേഷനുകൾ, റെസ്റ്ററന്റുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
Cover Image: Dubai Media Office.