ദുബായ്: ഷിൻഡഗ ടണൽ ജനുവരി 16 മുതൽ രണ്ട് മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് RTA

featured UAE

2022 ജനുവരി 16, ഞായറാഴ്ച്ച മുതൽ രണ്ട് മാസത്തേക്ക്, ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ, അൽ ഷിൻഡഗ ടണൽ താത്‌കാലികമായി അടിച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ജനുവരി 14-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ജനുവരി 16-ന് ഇൻഫിനിറ്റി പാലം ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് RTA അൽ ഷിൻഡഗ ടണൽ ഭാഗികമായി അടച്ചിടുന്നത്. ഇൻഫിനിറ്റി പാലത്തെയും അൽ ഷിൻഡഗ ടണലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ ട്രാഫിക് നിർത്തിവെക്കുന്നത്.

Source: Dubai RTA.

അതേസമയം ബർ ദുബായിൽ നിന്ന് ദെയ്‌റയിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ അൽ ഷിൻഡഗ ടണലിലൂടെയുള്ള ട്രാഫിക് തടസപ്പെട്ടില്ലെന്നും, ഈ ദിശയിലെ ടണലിന്റെ പ്രവർത്തനനം സാധാരണ രീതിയിൽ തുടരുമെന്നും RTA വ്യക്തമാക്കിയിട്ടുണ്ട്. ഇൻഫിനിറ്റി പാലം തുറന്ന് കൊടുക്കുന്നതോടെ ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്കും, ബർ ദുബായിൽ നിന്ന് ദെയ്‌റയിലേക്കും ഈ പാലത്തിലൂടെ സഞ്ചരിക്കാവുന്നതാണ്.

Infinity Bridge to be inaugurated on January 16, 2022. Source: Dubai Media Office.

ഇരു വശങ്ങളിലേക്കുമായി മണിക്കൂറിൽ 24000 വാഹനങ്ങൾക്ക് ഇൻഫിനിറ്റി പാലത്തിലൂടെ സഞ്ചരിക്കാമെന്ന് RTA അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഈ മേഖലയിലെ വേഗപരിധി, ട്രാഫിക് നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കാൻ RTA ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മേഖലയിൽ ട്രാഫിക് തടസപ്പെടാതിരിക്കുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനുമായുള്ള ഏതാനം നടപടിക്രമങ്ങളും ഇതിന്റെ ഭാഗമായി RTA അറിയിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം ബർ ദുബായിലേക്ക് സഞ്ചരിക്കുന്നവർ താഴെ പറയുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • ദെയ്‌റ ഐലൻഡിൽ നിന്ന് അൽ ഷിൻഡഗ ടണൽ വഴി ബർ ദുബായിലേക്ക് സഞ്ചരിക്കുന്നവർ കോർണിഷ് സ്ട്രീറ്റിലെ പുതിയ ഫ്ലൈഓവർ വഴി നേരെ ഇൻഫിനിറ്റി പാലത്തിലൂടെ ബർ ദുബായ്, ജുമേയ്‌റ ഭാഗത്തേക്ക് സഞ്ചരിക്കേണ്ടതാണ്.
  • അബു ബക്കർ അൽ സിദ്ധിഖി സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾ അൽ ഖലീജ് സ്ട്രീറ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയേണ്ടതും, കോർണിഷ് സ്ട്രീറ്റിലെ പുതിയ ഫ്ലൈഓവർ വഴി നേരെ ഇൻഫിനിറ്റി പാലത്തിലൂടെ ബർ ദുബായ്, ജുമേയ്‌റ ഭാഗത്തേക്ക് സഞ്ചരിക്കേണ്ടതുമാണ്.
  • അൽ മാംസറിൽ നിന്ന് വരുന്ന വാഹനങ്ങൾ അൽ ഖലീജ് സ്ട്രീറ്റിലൂടെ അബു ബക്കർ അൽ സിദ്ധിഖി ജംഗ്ഷനിലൂടെ കടന്ന് പോകേണ്ടതും, തുടർന്ന് കോർണിഷ് സ്ട്രീറ്റിലെ പുതിയ ഫ്ലൈഓവർ വഴി നേരെ ഇൻഫിനിറ്റി പാലത്തിലൂടെ ബർ ദുബായ്, ജുമേയ്‌റ ഭാഗത്തേക്ക് സഞ്ചരിക്കേണ്ടതുമാണ്.
  • ഒമർ ബിൻ അൽ ഖത്തബ് ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ കോർണിഷ് സ്ട്രീറ്റിലെ പുതിയ ഫ്ലൈഓവർ വഴി നേരെ ഇൻഫിനിറ്റി പാലത്തിലൂടെ ബർ ദുബായ്, ജുമേയ്‌റ ഭാഗത്തേക്ക് സഞ്ചരിക്കേണ്ടതുമാണ്.
  • അൽ മുസല്ല ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒമർ ബിൻ അൽ ഖത്തബ് ജംഗ്ഷനിലെത്തിയ ശേഷം ഇടത്തേക്ക് തിരിയേണ്ടതും, തുടർന്ന് അൽ മുസല്ല സ്ട്രീറ്റിലൂടെ തുടരേണ്ടതും, JN13 ഇന്റർസെക്‌ഷൻ ഉപയോഗപ്പെടുത്തിക്കൊണ്ട് കോർണിഷ് സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലേക്ക് സഞ്ചരിക്കേണ്ടതുമാണ്.
  • ദെയ്‌റ ഐലൻഡിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്കും, ബസ് സ്റ്റേഷനിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ കോർണിഷ് സ്ട്രീറ്റിലെ പുതിയ ഫ്ലൈഓവറിന് താഴെയുള്ള റോഡിലൂടെ ഇൻഫിനിറ്റി പാലത്തിലേക്ക് സഞ്ചരിക്കേണ്ടതാണ്.