ദുബായ്: ലോകകപ്പ് ഫാൻ സോണുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നത് സംബന്ധിച്ച് RTA ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ഫാൻ സോണുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരു മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിക്കുന്നവർക്ക് സുഗമമായ യാത്ര ഉറപ്പ് നൽകുന്നതിനുള്ള നടപടികളും ഈ ആസൂത്രിത പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ സംയോജിത പദ്ധതിയിൽ മെട്രോ, പൊതു ബസുകൾ, ടാക്സികൾ, മറൈൻ ട്രാൻസിറ്റ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിദിനം 1,382 മെട്രോ ട്രിപ്പുകൾ നടത്താനും, നിലവിലുള്ള 11310 ടാക്‌സികൾക്കൊപ്പം 700-ലധികം പുതിയ ടാക്‌സികൾ കൂട്ടിച്ചേർക്കാനും, 60 പൊതു ബസുകളും മൂന്ന് മറൈൻ ട്രാൻസിറ്റുകളും വിന്യസിക്കാനും RTA തീരുമാനിച്ചിട്ടുണ്ട്.

2022-ലെ ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് യാത്രചെയ്യുന്നവർക്കും, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് വഴി ഖത്തറിലേക്ക് പോകുന്നവർക്കുമായി നഗരത്തിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങൾ സംയോജിപ്പിച്ച് കൊണ്ട് പ്രവർത്തിക്കുന്നതാണ്.

ഫാൻ സോണുകൾ:

എമിറേറ്റിലെ തുറസ്സായ പ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്ന വിവിധ ഫാൻ സോണുകൾ ഫുട്ബാൾ ആരാധകർക്ക് മറക്കാനാകാത്ത കാഴ്ച്ചകൽ നൽകുന്നതിനൊപ്പം, ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിനും അവസരമൊരുക്കുന്നു. ഇത്തരം ഫാൻ സോണുകളിലേക്കുള്ള യാത്രാ സേവനങ്ങൾ RTA ഉറപ്പ് വരുത്തുന്നതാണ്.

ഇതിനായി തത്സമയ ട്രാഫിക്ക് അവസ്ഥകൾ കണക്കിലെടുത്ത് കൊണ്ടാണ് RTA ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നത്. ദുബായ് ഹാർബറിൽ നടക്കുന്ന ‘BudX FIFA Fan Festival’ വേദിയിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി ദുബായ് പോലീസിന്റെയും സംഘാടകരുടെയും പങ്കാളിത്തത്തോടെ RTA ഒരു പ്രത്യേക പദ്ധതി ഒരുക്കിയിട്ടുണ്ട്. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിൽ നിന്ന് ദുബായ് ഹാർബറിലേക്ക് കാണികളെ എത്തിക്കുന്നതിനായി ബസ്, ടാക്സി, ജലഗതാഗതം എന്നിവ ഉപയോഗിക്കുന്നതാണ്.

ദുബായ് മെട്രോ, ടാക്സി:

ലോകകപ്പ് കാലയളവിൽ പ്രതിദിനം 1382 മെട്രോ യാത്രകൾ നടത്താനാണ് RTA പദ്ധതിയിടുന്നത്. നിലവിലുള്ള 11310 ടാക്‌സികൾക്ക് പുറമേ, ദുബായിലെ ഫാൻ സോണുകളിലേക്കും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കും സേവനം നൽകുന്നതിനായി കരീം ആപ്പിലൂടെ ലഭ്യമായ 700 ഹല ക്യാബുകളും അതോറിറ്റി അധികമായി അനുവദിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഈ മേഖലകളിൽ 24 മണിക്കൂറും ടാക്സി സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

ബസ് സർവീസുകൾ:

ഫിഫ ലോകകപ്പ് പരിപാടികളുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി RTA 60 പൊതു ബസുകൾ ഉപയോഗിക്കുന്നതാണ്. അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് അറൈവലിൽ നിന്ന് ദുബായ് മെട്രോ എക്സ്പോ സ്റ്റേഷനിലൂടെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന പുതിയ സർവീസായ റൂട്ട് DWC1 ഇതിൽ പ്രധാനമാണ്. 2022 ഡിസംബർ 20 വരെ മാത്രമുള്ള ഈ റൂട്ട് ദിനവും ഓരോ 30 മിനിറ്റ് ഇടവേളയിലും സേവനങ്ങൾ നൽകുന്നതാണ്.

ഇതിന് പുറമെ, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനും ദുബായ് മെട്രോ എക്‌സ്‌പോ സ്റ്റേഷനും ഇടയിൽ ഷട്ടിൽ ചെയ്യുന്ന മെട്രോ ഫീഡർ ലിങ്ക് സർവീസായ F55 (30 മിനിറ്റ് ആവൃത്തിയിൽ രാവിലെ 5 മുതൽ അർദ്ധരാത്രി 12 വരെ), അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനെയും ദുബായ് എക്‌സ്‌പോ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന റൂട്ട് N55 (രാത്രി 10 മുതൽ അടുത്ത ദിവസം പുലർച്ചെ 5 വരെയുള്ള രാത്രി സർവീസ്) എന്നിവയും ഇതിനായി തയ്യാറാക്കിയിട്ടുള്ള ബസ് സർവീസുകളാണ്.

മറൈൻ ട്രാൻസ്പോർട്ട്:

ലോകകപ്പ് കാലയളവിൽ RTA രണ്ട് ദുബായ് ഫെറികളും ഒരു വാട്ടർ ടാക്‌സിയും അനുവദിക്കുന്നതാണ്. മത്സരസമയക്രമവുമായി സമന്വയിപ്പിക്കുന്ന രീതിയിലാണ് ഇവ പ്രവർത്തിപ്പിക്കുന്നത്.

ഈ ജലഗതാഗത മാർഗങ്ങൾ ബ്ലൂവാട്ടേഴ്‌സ് ദ്വീപിനെ ദുബായ് ഹാർബറുമായി ബന്ധിപ്പിക്കുന്നു. ഇക്കോണമി ക്ലാസിന്, ഒരു വശത്തേക്ക്, 25 ദിർഹവും ഗോൾഡ് ക്ലാസിന് 35 ദിർഹവും ആണ് നിരക്ക്.

WAM