ദുബായ്: 22 ബസ് സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കിയതായി RTA

featured GCC News

എമിറേറ്റിലെ 22 ബസ് സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജൂലൈ 20-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിൽ 16 പാസഞ്ചർ സ്റ്റേഷനുകളും 6 പ്രധാനപ്പെട്ട ബസ് ഡിപ്പോകളും ഉൾപ്പെടുന്നു. യാത്രികർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ, അനുഭവങ്ങൾ എന്നിവ നൽകുന്നതിന്റെ ഭാഗമായാണ് ഈ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം.

Source: Dubai RTA.

എമിറേറ്റിലെ പൊതുഗതാഗത മേഖലയെ നവീകരിക്കുന്നതിനും, ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനും, യാത്രികർക്ക് സുരക്ഷിതവും, കാര്യക്ഷമവുമായ യാത്രാ സൗകര്യങ്ങൾ നൽകുന്നതിനുമായി RTA മുന്നോട്ട് വെക്കുന്ന നയങ്ങളുടെ ഭാഗമാണിത്.

ബസ് സ്റ്റേഷനുകളുടെ നവീകരണം പൊതുജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുമെന്ന് RTA ഡയറക്ടർ ജനറൽ മത്തർ അൽ തയർ പറഞ്ഞു. ദെയ്‌റയിലെ 9 പാസഞ്ചർ സ്റ്റേഷനുകളും, ബർ ദുബായിലെ 7 പാസഞ്ചർ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നവീകരിച്ചിട്ടുണ്ട്.

Source: Dubai RTA.

യാത്രികർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള മേഖലകൾ, പുതിയ പാതകൾ, ബസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ മുഖപ്പ് തുടങ്ങിയവയുടെ നവീകരണം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

Source: Dubai RTA.

ഇതിന് പുറമെ അൽ ഖവാനീജ്, അൽ ഖുസൈസ്, അൽ റുവയഹ്, അൽ അവീർ, ജെബേൽ അലി, അൽ ഖൂസ് എന്നിവിടങ്ങളിലെ ബസ് ഡിപ്പോകളും നവീകരിച്ചിട്ടുണ്ട്.