ദുബായ്: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് RTA മുന്നറിയിപ്പ് നൽകി

featured GCC News

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2026 ജനുവരി 23-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഔദ്യോഗിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെടുന്ന അനധികൃത സന്ദേശങ്ങൾക്കും ലിങ്കുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് RTA ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംശയാസ്‌പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും RTA കൂട്ടിച്ചേർത്തു.

ട്രാഫിക് പിഴതുകകൾ അടച്ച് തീർക്കാനുണ്ടെന്ന് അറിയിച്ച് കൊണ്ട് അതോറിറ്റിയിൽ നിന്ന് ഉള്ളതെന്ന രൂപത്തിൽ വരുന്ന ഒരു വ്യാജ സന്ദേശം പങ്ക് വെച്ച് കൊണ്ടാണ് RTA ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഇത്തരം സംശയകരമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി വ്യക്തിഗത, സാമ്പത്തിക അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ പങ്ക് വെക്കരുതെന്നും RTA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RTA നൽകുന്ന സേവനങ്ങൾ ലഭിക്കുന്നതിനും, വിവരങ്ങൾ അറിയുന്നതിനും ഔദ്യോഗിക ഓൺലൈൻ സംവിധാനങ്ങൾ മാത്രം ഉപയോഗപ്പെടുത്താനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.