ഹത്ത വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പുരോഗതി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി അവലോകനം ചെയ്തു. 2023 ഫെബ്രുവരി 28-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഹത്ത വികസന പരിപാടിയുടെ ആദ്യ ഘട്ടത്തിൽ 14 വ്യത്യസ്ത പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഹത്ത വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അദ്ദേഹം അംഗീകാരം നൽകിയിട്ടുണ്ട്. 22 വ്യത്യസ്ത പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുള്ള രണ്ടാം ഘട്ടം 2023-ൽ ആരംഭിക്കുന്നതാണ്.

പുതിയതായി നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ള ഹത്ത സൂഖ് മുഹമ്മദ് ബിൻ റാഷിദ് സന്ദർശിച്ചു. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

മേഖലയിലെ പര്‍വ്വതങ്ങള്‍ നിറഞ്ഞ പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന രൂപകല്പനയോടെയാണ് ഹത്ത സൂഖ് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത രീതികളുടെയും, ആധുനിക സാങ്കേതികവിദ്യകളുടെയും സമന്വയമാണ് ഈ സൂഖിന്റെ രൂപകല്പന. മേഖലയിൽ നിന്ന് ലഭ്യമാക്കിയിട്ടുള്ള പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചാണ് ഈ സൂഖ് നിർമ്മിച്ചിരിക്കുന്നത്.
146000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഹത്ത സൂഖിൽ ഏഴ് വ്യാപാരശാലകളും, ആറ് ഇൻഡോർ/ ഔട്ട്ഡോർ കിയോസ്കുകളും, 42 വില്പനമേഖലകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ എട്ട് ഫുഡ് കാർട്ടുകൾ, കുട്ടികൾക്കുള്ള കളിയിടങ്ങൾ, ഔട്ഡോർ സീറ്റുകൾ, ഹരിതയിടങ്ങൾ, പ്രാർഥനാമുറികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മേഖലയിലെ നിവാസികൾക്ക് തങ്ങളുടെ കരകൗശല ഉത്പന്നങ്ങൾ, കൃഷി ഉല്‍പന്നങ്ങൾ, പ്രാദേശിക വാണിജ്യ ഉത്പന്നങ്ങൾ എന്നിവ ഈ സൂഖിൽ വില്പനയ്ക്ക് വെക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഹത്ത വികസന പരിപാടിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി 14 വ്യത്യസ്ത പദ്ധതികൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ പൈതൃകം, ചരിത്രം എന്നിവ സന്ദർശകർക്ക് മുൻപിൽ എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള ഹത്ത ഹെറിറ്റേജ് വില്ലേജ്, സൈക്കിൾ, മൗണ്ടൈൻ ബൈക്ക് എന്നിവയ്ക്കായി നിർമ്മിച്ചിട്ടുള്ള 11.5 കിലോമീറ്റർ നീളമുള്ള ട്രാക്ക് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
With inputs from WAM.