വിദേശത്ത് നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവർക്കുള്ള യാത്രാ നിർദ്ദേശങ്ങളിൽ ജനുവരി 31 മുതൽ മാറ്റം വരുത്തുന്നു

featured GCC News

ദുബായിലേക്കെത്തുന്ന വിദേശ യാത്രികർക്കുള്ള യാത്രാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു. ജനുവരി 27, ബുധനാഴ്ച്ച രാത്രിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

യാത്രികരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള ഈ തീരുമാനം ജനുവരി 31, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ പ്രകാരം ജനുവരി 31 മുതൽ ദുബായിലേക്ക് യാത്രചെയ്യുന്ന യു എ ഇ നിവാസികൾ, ജി സി സി പൗരന്മാർ, സന്ദർശകർ മുതലായവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. മുഴുവൻ രാജ്യങ്ങളിൽ നിന്നും ദുബായിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.

യാത്ര പുറപ്പെടുന്നതിന് മുൻപ് നടത്തേണ്ടതായ COVID-19 PCR ടെസ്റ്റിന്റെ കാലാവധി കുറയ്ക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം ജനുവരി 31 മുതൽ ദുബായിലേക്കുള്ള യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR ടെസ്റ്റ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ഇത് 96 മണിക്കൂറാണ്.

ഇതിന് പുറമെ, COVID-19 സാഹചര്യം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ദുബായിലെത്തിയ ശേഷവും COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. യു എ ഇ പൗരന്മാർക്ക് മാത്രമാണ് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള PCR ടെസ്റ്റ് ഒഴിവാക്കി നൽകിയിട്ടുള്ളത്.

ദുബായിൽ നിന്ന് കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിയിട്ടുള്ള വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ആവശ്യമായ റാപിഡ് PCR/ റാപിഡ് ആന്റിജൻ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുന്നതിന് ദുബായ് എയർപോർട്ട് അധികൃതർക്ക് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.