യു എ ഇ: ഷാർജയിലെയും റാസൽഖൈമയിലെയും പ്രധാന ട്രാക്ക് നിർമ്മാണം പൂർത്തിയായതായി ഇത്തിഹാദ് റെയിൽ

GCC News

യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള ഷാർജയിലെയും റാസൽഖൈമയിലെയും പ്രധാന റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഇത്തിഹാദ് റെയിൽ അറിയിച്ചു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ഫുജൈറയിലെ റയിൽപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായും, ഏതാനം ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഷാർജയിലെ റെയിൽപാത 45 കിലോമീറ്ററും, റാസ് അൽ ഖൈമയിലേത് 5.7 കിലോമീറ്ററും നീളമുള്ളതാണ്.

“യുഎഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന ജോലികൾ പൂർത്തിയാക്കി, ഷാർജയിലെയും റാസൽഖൈമയിലെയും പ്രധാന ലൈനുകളുമായി ബന്ധിപ്പിച്ചുകൊണ്ട് ഞങ്ങൾ ഇന്ന് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.”, ഇത്തിഹാദ് റെയിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഖുലൂദ് അൽ മസ്റൂയി പറഞ്ഞു. “ലോജിസ്റ്റിക്‌സ്, ട്രാൻസ്‌പോർട്ട് വ്യവസായ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കുന്നതിലും സാമൂഹിക വികസനത്തിന് നേതൃത്വം നൽകുന്നതിലും യുഎഇയിലും മേഖലയിലും വിവിധ മേഖലകളിൽ വാഗ്ദാനമായ സാമ്പത്തിക അവസരങ്ങൾ നൽകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ഇത് ബന്ധിപ്പിക്കുന്നു.

അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽ പാതയുടെ അവസാന ഭാഗം തമ്മിൽ ബന്ധിപ്പിക്കുന്ന ചടങ്ങ് 2022 മാർച്ച് 1-ന് നടന്നിരുന്നു.

ദേശീയ റെയിൽ ശൃംഖലയുടെ റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഫുജൈറയിൽ നിന്ന് പകർത്തിയ ഒരു ആകാശദൃശ്യം ഇത്തിഹാദ് റെയിൽ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ദേശീയ റെയിൽ ശൃംഖലയുടെ ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എന്നിവയെ ബന്ധിപ്പിക്കുന്ന ഏതാണ്ട് 145 കിലോമീറ്റർ നീളമുള്ള ഭാഗം അൽ ഹജർ മലനിരകളിലൂടെയാണ് കടന്ന് പോകുന്നത്.

സ്റ്റേജ് രണ്ടിന്റെ അവസാന പാക്കേജിലെ ലൈനിൽ 54 പാലങ്ങളും 20 ആനിമൽ ക്രോസിംഗുകളുമുണ്ട്. അൽ ഹജർ പർവതനിരകളിലൂടെ 6.9 കിലോമീറ്ററിലധികം നീളുന്ന 9 തുരങ്കങ്ങളും ഇതിന് ഉണ്ട്, കൂടാതെ 1.8 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ജിസിസിയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കവും ഉൾപ്പെടുന്നു. ചുറ്റുമുള്ള പർവതപ്രദേശങ്ങൾ കാരണം ഈ ലൈൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു.

WAM