യു എ ഇ ദേശീയ റെയിൽ ശൃംഖലയെ ICAD റെയിൽ ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായതായി ഇത്തിഹാദ് റെയിൽ

featured GCC News

യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന പാതയെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലെ (ICAD) റയിൽവേ ചരക്കുഗതാഗത ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഇത്തിഹാദ് റെയിൽ അറിയിച്ചു. 2022 സെപ്റ്റംബർ 9-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ നിർമ്മാണച്ചുമതല ഇത്തിഹാദ് റെയിലിനാണ്. നിർമ്മാണം പൂർത്തിയാകാനിരിക്കുന്ന ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലെ റെയിൽവേ ഫ്രയിറ്റ് ടെർമിനൽ, യു എ ഇയിലെ ഏറ്റവും വലിയ ഇൻലാൻഡ് ചരക്കുഗതാഗത ടെർമിനലാണ്.

ഏതാണ്ട് 2.7 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ചരക്കുഗതാഗത ടെർമിനൽ പ്രതിവർഷം 20 മില്യൺ ടൺ ചരക്ക് കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന വ്യവസായ, നിർമ്മാണ, വില്പന മേഖലകളെ ഗതാഗത ശൃംഖല ഉപയോഗിച്ച് കൊണ്ട് ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന യു എ ഇ ദേശീയ റെയിൽ പദ്ധതിയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നേട്ടം.

യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ഇത് ബന്ധിപ്പിക്കുന്നു.

അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽ പാതയുടെ അവസാന ഭാഗം തമ്മിൽ ബന്ധിപ്പിക്കുന്ന ചടങ്ങ് 2022 മാർച്ച് 1-ന് നടന്നിരുന്നു.

അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റിലും അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് ഈ ഗതാഗത ശൃംഖല ഒരുക്കുന്നത്. ദേശീയ റെയിൽ ശൃംഖലയുടെ റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ആകാശദൃശ്യം ഇത്തിഹാദ് റെയിൽ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ പങ്ക് വെച്ചിരുന്നു.

WAM