യു എ ഇ: ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സേവനങ്ങൾ ഈ വർഷം ആരംഭിക്കും; പതിനൊന്ന് നഗരങ്ങളെ ബന്ധിപ്പിക്കും

featured GCC News

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സേവനങ്ങൾ ഈ വർഷം ആരംഭിക്കും. 2026 ജനുവരി 8-നാണ് ഇത്തിഹാദ് റെയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്.

2026-ൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസ് പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പങ്ക് വെച്ചു.

യു എ ഇ നാഷണൽ റെയിൽ നെറ്റ്‌വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഈ ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും, മേഖലകളെയും ഈ റെയിൽ ശൃംഖല ബന്ധിപ്പിക്കുന്നതായി ഇത്തിഹാദ് റെയിൽ അധികൃതർ ചൂണ്ടിക്കാട്ടി.

യു എ ഇ നിവാസികൾക്കും, വിനോദസഞ്ചാരികൾക്കും സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമായ യാത്രാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിവിധ എമിറേറ്റുകൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുക എന്നതും ഇത്തിഹാദ് റെയിൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായുള്ള സ്റ്റേഷനുകൾ:

  • അബുദാബി.
  • ദുബായ്.
  • ഷാർജ.
  • ഫുജൈറ.
  • അൽ സില.
  • അൽ ധനഹ്.
  • അൽ മിർഫ.
  • മദിനത് സായിദ്.
  • മെസ്‌ഐറ.
  • അൽ ഫായ.
  • അൽ ദൈദ്.

ഈ സ്റ്റേഷനുകൾ ഘട്ടം ഘട്ടമായാണ് പ്രവർത്തനക്ഷമമാക്കുന്നതെന്നും ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ പാസഞ്ചർ ട്രെയിൻ സർവീസ് ഉപയോഗിച്ച് കൊണ്ട് അബുദാബിയിൽ നിന്ന് ദുബായിലേക്ക് 57 മിനിറ്റ് കൊണ്ടും, അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റ് കൊണ്ടും യാത്ര ചെയ്യാനാകുമെന്ന് ഇത്തിഹാദ് റെയിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 400 യാത്രികർക്ക് വരെ ഒരേ സമയം യാത്രാ സേവനങ്ങൾ നൽകാനാകുന്ന ട്രെയിനുകളാണ് ഈ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.