രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് കുവൈറ്റ് അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുറത്തിറക്കിയിട്ടുണ്ട്.
2023 ഡിസംബർ 28-ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാന പ്രകാരം, കുവൈറ്റിലെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് അവർ നിലവിൽ തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ തൊഴിലുടമയിൽ നിന്നുള്ള അനുമതിയോടെ മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ ഒരു ദിവസം പരമാവധി നാല് മണിക്കൂർ വരെയാണ് പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് സാധിക്കുക. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്നുള്ള പ്രത്യേക പാർട്ട്-ടൈം വർക്ക് പെർമിറ്റ് നിർബന്ധമാണ്.
എന്നാൽ കെട്ടിടനിർമ്മാണ മേഖലയിൽ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് പരമാവധി സമയപരിധികളൊന്നും നിശ്ചയിച്ചിട്ടില്ല.