സൗദിയിലെ സന്ദർശക, പ്രവാസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനൽകാനാവശ്യമായ നടപടികൾ പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) ജൂലൈ 27-നു അറിയിച്ചു. പ്രവാസി വിസകളുടെയും, റെസിഡൻസി പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം ജൂലൈ 5-നു അറിയിച്ചിരുന്നു.
ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് സ്വയമേവ ആരംഭിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
യാത്രാവിലക്കുകളെ തുടർന്ന് സൗദിയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ തുടരുന്ന പ്രവാസികളുടെ എക്സിറ്റ്, റീ-എൻട്രി വിസ കാലാവധിയും, നിലവിൽ സൗദിയിൽ തുടരുന്ന സന്ദർശക വിസകളിലുള്ളവരുടെ വിസിറ്റ് വിസ കാലാവധിയും പ്രത്യേക ചാർജുകൾ ഈടാക്കാതെ മൂന്ന് മാസത്തേക്ക് നീട്ടിനൽകാനുള്ള നടപടികൾ പൂർത്തിയായതായാണ് ഇപ്പോൾ ജവാസത്ത് അറിയിച്ചിട്ടുള്ളത്.