ഖത്തർ ലോകകപ്പ്: അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ ആരംഭിച്ചു

featured Qatar

ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ ആരംഭിച്ചു.

2022 നവംബർ 19-നാണ് അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ ആരംഭിച്ചത്.

ഫുട്ബാൾ ആരാധകർക്ക് ഒത്ത് ചേർന്ന് ലോകകപ്പ് ആവേശം പങ്കിടുന്നതിന് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി അവസരമൊരുക്കുന്നു.

ഫിഫ ഫാൻ ഫെസ്റ്റിവൽ ഉദ്‌ഘാടനത്തിന്റെ ഭാഗമായി അൽ ബിദ്ദ പാർക്ക് ഫുട്ബാൾ ആരാധകരാൽ നിറഞ്ഞിരുന്നു.

Crowd at the inauguration of FIFA Fan Festival at Al Bidda Park. Source: Qatar News Agency.

ഫുട്ബാൾ ആരാധകർക്ക് അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലേക്ക് സൗജന്യമായി പ്രവേശിക്കാവുന്നതാണ്. എന്നാൽ ഇതിന് ഹയ്യാ കാർഡ് നിർബന്ധമാണ്.

2022 നവംബർ 19 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഫുട്ബാൾ ആരാധകർക്ക് ഭീമൻ സ്‌ക്രീനിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനും, സംഗീതപരിപാടികൾ, ഖത്തർ സംസ്കാരം, ഭക്ഷണപാനീയങ്ങൾ എന്നിവ അനുഭവിക്കുന്നതിനും ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി അവസരമൊരുക്കുന്നു.

ഫുട്ബാൾ ആരാധകർക്കായി നിരവധി പരിപാടികളാണ് ദോഹ കോർണിഷിൽ ഒരുക്കിയിരിക്കുന്നത്. കുടുംബാംഗങ്ങൾക്ക് ലോകകപ്പ് ആവേശം ഒത്തൊരുമിച്ച് ആസ്വദിക്കാൻ ഈ പരിപാടികൾ വേദിയൊരുക്കുന്നു.

യാത്രികർക്ക് ഫിഫ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലേക്കും, ഫാൻ ഫെസ്റ്റിവൽ വേദികളിലേക്കും സുഗമമായ യാത്രാ സേവനങ്ങൾ ഒരുക്കിയതായി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.