യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 ഡിസംബർ 11-ന് വൈകീട്ട് 6:47-നാണ് MBRSC ഇക്കാര്യം സ്ഥിരീകരിച്ചത്.
വിക്ഷേപണത്തിന് ശേഷം റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന ലൂണാർ ലാൻഡർ റോക്കറ്റിൽ നിന്ന് വിജയകരമായി വേർപിരിഞ്ഞതായി 2022 ഡിസംബർ 11-ന് ഉച്ചയ്ക്ക് 1:59 MBRSC അറിയിച്ചിരുന്നു.
ജാപ്പനീസ് കമ്പനിയായ ഐസ്പേസാണ് ഈ ലൂണാർ ലാൻഡർ നിർമ്മിച്ചിരിക്കുന്നത്.
അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച് കൊണ്ട് 2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-ന് റാഷിദ് റോവർ ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.
ഒരു സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റാണ് ഈ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. റാഷിദ് റോവർ 2023 ഏപ്രിലിൽ ചന്ദ്രോപരിതലത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ 47.5°N, 44.4°E എന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അറ്റ്ലസ് ക്രേറ്ററിലാണ് റാഷിദ് റോവർ ഇറങ്ങുന്നതെന്നും MBRSC സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി 2020 നവംബറിൽ MBRSC അറിയിച്ചിരുന്നു.
Cover Image: MBRSC.