യു എ ഇ: ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം; റാഷിദ് റോവർ വിക്ഷേപിച്ചു

GCC News

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച്‌ കൊണ്ട് റാഷിദ് റോവർ ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-നാണ് റാഷിദ് റോവറിനെ വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്.

ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി H.H. ഹംദാൻ ബിൻ മുഹമ്മദ്, യു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ H.H. മക്തൂം ബിൻ മുഹമ്മദ് തുടങ്ങിയവർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ MBRSC) എത്തിയിരുന്നു.

ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ചിട്ടുള്ള Hakuto-R M1 എന്ന ലൂണാർ ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. സാങ്കേതിക കാരണങ്ങൾ കൊണ്ട് റാഷിദ് റോവറിന്റെ വിക്ഷേപണം നേരത്തെ മാറ്റിവെച്ചിരുന്നു.

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 ഡിസംബർ 11-ന് വിക്ഷേപിക്കുമെന്ന് MBRSC പിന്നീട് അറിയിച്ചിരുന്നു.

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി 2020 നവംബറിൽ MBRSC അറിയിച്ചിരുന്നു. ഈ പര്യവേഷണത്തിന്റെ ഭാഗമായാണ് പൂർണ്ണമായും MBRSC-യിൽ നിർമ്മിച്ചിട്ടുള്ള റാഷിദ് റോവർ എന്ന ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിച്ചിരിക്കുന്നത്.