അബുദാബി: ബനിയാസ്, അൽ ആമേരാഹ്‌ മേഖലകളിൽ വ്യാപകമായി COVID-19 പരിശോധനാ പ്രവർത്തനങ്ങൾ ആരംഭിച്ചു

GCC News

അബുദാബിയിലെ ബനിയാസ് മേഖലയിലും, അൽ ഐനിലെ അൽ ആമേരാഹ്‌ മേഖലയിലും വ്യാപകമായി COVID-19 പരിശോധനാ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇരു മേഖലകളിലും ഏതാനം COVID-19 രോഗബാധിതരെ കണ്ടെത്തിയതിനെത്തുടർന്നാണ്, വൈറസ് വ്യാപനം തടയുന്നതിനായുള്ള ഈ മുൻകരുതൽ പരിശോധനാ നടപടി കൈക്കൊള്ളുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 11, വ്യാഴാഴ്ച്ച രാത്രിയാണ് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH), അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുമായി സംയുക്തമായാണ് കമ്മിറ്റി ഈ മേഖലകളിൽ ടെസ്റ്റിംഗ് നടപടികൾ നടപ്പിലാക്കുന്നത്

ഇരുമേഖലകളിലുമുള്ള നിവാസികളോട് ആരോഗ്യ അധികൃതരുമായി പൂർണ്ണമായി സഹകരിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും ജനങ്ങളോട് കമ്മിറ്റി നിർദ്ദേശിച്ചു.