ദുബായ് ഇന്ത്യൻ കോൺസുലേറ്റ്: അടിയന്തിര സാഹചര്യങ്ങളിലൊഴികെ പ്രവാസികൾ കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാൻ നിർദ്ദേശം

featured GCC News

തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ, പ്രവാസികൾ കോൺസുലേറ്റിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാൻ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് നിർദ്ദേശം നൽകി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യു എ ഇയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് കോൺസുലേറ്റ് ഇത്തരം ഒരു ഔദ്യോഗിക അറിയിപ്പ് നൽകിയത്.

ഫെബ്രുവരി 11, വ്യാഴാഴ്ച്ച വൈകീട്ടാണ് ഇന്ത്യൻ കോൺസുലേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. യു എ ഇ അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള മുഴുവൻ COVID-19 സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും കോൺസുലേറ്റ് ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

“കോൺസുലാർ സേവനങ്ങൾക്കായി ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾ, തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം കോൺസുലേറ്റിൽ നേരിട്ട് സന്ദർശിക്കേണ്ടതാണ്. അടിയന്തിര ആവശ്യങ്ങൾക്കൊഴികെ, മറ്റു സേവനങ്ങൾക്കെല്ലാം കോൺസുലേറ്റിന്റെ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കാവുന്നതാണ്. നിലവിലെ സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിനായാണ് ഈ നിർദ്ദേശം”, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

യു എ ഇയിലെ ഏറ്റവും വലിയ പ്രവാസസമൂഹം എന്ന നിലയിൽ യു എ ഇ അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ മുഴുവൻ സമയവും പാലിക്കേണ്ടത് ഇന്ത്യൻ പ്രവാസികളുടെ ഉത്തരവാദിത്വമാണെന്ന് കോൺസുലേറ്റ് ഓർമ്മപ്പെടുത്തി. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, പൊതു ഇടങ്ങളിൽ കൂട്ടംചേരുന്നത് ഒഴിവാക്കൽ മുതലായ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ ഇന്ത്യൻ സമൂഹത്തോട് കോൺസുലേറ്റ് ആവശ്യപ്പെട്ടു.

കോൺസുലാർ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി, നേരിട്ട് കോൺസുലേറ്റ് സന്ദർശിക്കുന്നതിന് പകരം, താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി:

  • 800 46342 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പർ ഉപയോഗപ്പെടുത്തുക.
  • PBSK (പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര) ദുബായ് മൊബൈൽ ആപ്പ് ഉപയോഗിക്കുക.
  • pbsk.dubai@mea.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ സന്ദേശങ്ങൾ അയക്കുക.
  • +971-54-3090571 എന്ന വാട്സ്ആപ്പ് നമ്പർ ഉപയോഗിക്കാം.