ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസ ഉപയോഗിച്ച് യു എ ഇയിലേക്ക് പ്രവേശിക്കാം

GCC News

ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് 30 ദിവസത്തെ ഇ-വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു എ ഇ ഡിജിറ്റൽ ഗവണ്മെന്റ് വ്യക്തമാക്കി. ഏതാനം വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കുന്ന ഈ ഇ-വിസ
ഉപയോഗിച്ച് ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.

2024 ഒക്ടോബർ 14-നാണ് യു എ ഇ ഡിജിറ്റൽ ഗവണ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഏതെങ്കിലും ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കാണ് യു എ ഇ ഇത്തരം ഇ-വിസ അനുവദിക്കുന്നത്.

ഈ അറിയിപ്പ് പ്രകാരം, ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് യു എ ഇ സന്ദർശിക്കുന്നതിനായി മുൻകൂറായി നേടിയിട്ടുള്ള ഇത്തരം ഇ-വിസ ആവശ്യമാണ്. യു എ ഇയിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ 30 ദിവസത്തേക്കാണ് ഇത്തരം ഇ-വിസ ഉപയോഗിച്ച് കൊണ്ട് യു എ ഇയിൽ തുടരാൻ അനുമതി ലഭിക്കുന്നത്.

ആവശ്യമെങ്കിൽ ഇത്തരം ഇ-വിസകളുടെ സാധുത മുപ്പത് ദിവസത്തേക്ക് കൂടി നീട്ടി നേടാവുന്നതാണ്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള കാലാവധി അവസാനിച്ചതും, റദ്ദാക്കിയതും ഉൾപ്പടെയുള്ള സാധുതയില്ലാത്ത റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

എൻട്രി പെർമിറ്റ് അനുവദിച്ച ശേഷം തങ്ങളുടെ തൊഴിൽമേഖല മാറ്റിയിട്ടുളള പ്രവാസികൾക്കും പ്രവേശനം ലഭിക്കുന്നതല്ല. ഇത്തരം ഇ-വിസകളിലെത്തുന്നവർ യു എ ഇയുടെ പ്രവേശന കവാടങ്ങളിൽ എത്തുന്ന അവസരത്തിൽ അവർക്ക് ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും സാധുതയുള്ള റെസിഡൻസി നിർബന്ധമാണ്. ഇതിന് പുറമെ ഇവർക്ക് ചുരുങ്ങിയത് ആറ് മാസത്തെയെങ്കിലും പാസ്സ്‌പോർട്ട് കാലാവധി ഉണ്ടായിരിക്കേണ്ടതാണ്.

ഇത്തരം ഇ-വിസകൾക്കായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ സ്മാർട്ട് ചാനൽ സംവിധാനങ്ങൾ എന്നിവയിലൂടെ അപേക്ഷിക്കാവുന്നതാണ്. ഇത്തരം അപേക്ഷകളിൽ ഇ-വിസ അനുവദിക്കുന്ന മുറയ്ക്ക് അപേക്ഷകർ നൽകിയിട്ടുള്ള ഇ-ഇമെയിൽ വിലാസത്തിലേക്ക് ഇ-വിസ അയച്ച് നൽകുന്നതാണ്.