ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ടൂറിസ്റ്റ് ഇ-വിസകൾ ഓൺലൈനിലൂടെ അപേക്ഷിക്കാൻ അനുമതി നൽകിയതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസം അറിയിച്ചു. 2022 സെപ്റ്റംബർ 1-ന് രാത്രിയാണ് സൗദി മിനിസ്ട്രി ഓഫ് ടൂറിസം ഇക്കാര്യം അറിയിച്ചത്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും, യു കെ, യു എസ് എന്നീ രാജ്യങ്ങളിലും സാധുതയുള്ള വിസകളുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിച്ച ശേഷം ടൂറിസ്റ്റ് വിസകൾ ഓൺ അറൈവൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യു കെ, യു എസ് എന്നിവിടങ്ങളിൽ നിന്നുള്ള സാധുതയുള്ള ടൂറിസ്റ്റ്, ബിസിനസ് വിസകളിലുള്ളവർക്ക് ഈ സേവനം ലഭ്യമാകുന്നതാണ്. ഇത്തരം വിസകൾ ഒരു തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളവർക്കാണ് സൗദി അറേബ്യ ഓൺ അറൈവൽ വിസ നൽകുന്നത്.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖത്തീബ് പുറത്തിറക്കിയിട്ടുണ്ട്. സൗദി അറേബ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം കൂടുതൽ സുഗമമാക്കുന്നതിനായാണ് ഈ നടപടി.