രാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടുള്ള അധികസമയം 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു. ഇത്തരം പ്രവാസികൾക്ക്, തങ്ങളുടെ വിസ സ്റ്റാറ്റസ് നിയമം അനുശാസിക്കുന്ന രീതിയിൽ ശരിയാക്കുന്നതിനായി 2021 ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെയുള്ള പ്രത്യേക സമയപരിധി അനുവദിച്ചിട്ടുണ്ട്.
റെസിഡൻസി നിയമങ്ങളുടെ ലംഘനം, വർക്ക് വിസ നിയമങ്ങളുടെ ലംഘനം, ഫാമിലി വിസിറ്റ് വിസ നിയമങ്ങളുടെ ലംഘനം തുടങ്ങിയ വിസ ലംഘനങ്ങൾ വരുത്തിയിട്ടുള്ള പ്രവാസികൾക്ക് തങ്ങളുടെ വിസ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനും, നിയമ നടപടികൾ ഒഴിവാക്കുന്നതിനുമായി ഈ സമയപരിധി പ്രയോജനപ്പെടുത്താവുന്നതാണ്.
ഇത്തരം പ്രവാസികൾക്കോ, അവരുടെ തൊഴിലുടമകൾക്കോ ഉം സലാൽ, ഉം സുനൈമ്, മെസൈമീർ, അൽ വക്ര, അൽ റയ്യാൻ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തി ഇതിനായുള്ള അപേക്ഷകൾ നൽകാവുന്നതാണ്. ഇത്തരം അപേക്ഷകൾ ഈ കേന്ദ്രങ്ങളിൽ ദിനവും ഉച്ചയ്ക്ക് 1 മണി മുതൽ 6 മണിവരെ സമർപ്പിക്കാവുന്നതാണ്.
പ്രവാസികളുടെ രാജ്യത്തേക്കുള്ള വരവ്, തിരിച്ച് പോക്ക്, താമസം എന്നിവ സംബന്ധിച്ച 2015 ലെ നിയമ നമ്പർ (21) ലെ വ്യവസ്ഥകള്‍ക്കനുസൃതമായി, അനധികൃതമായി ഖത്തറിൽ തങ്ങുന്ന പ്രവാസികളുടെ താമസ രേഖ ശരിയാക്കുന്നതിന് 2021 ഒക്ടോബര്‍ 10 മുതല്‍ 2021 ഡിസംബർ 31 വരെ കാലാവധി നിശ്ചയിച്ചതായി ആഭ്യന്തര മന്ത്രാലയം ഒക്ടോബർ 7-ന് അറിയിച്ചിരുന്നു.