സൗദി: ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി

GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് സൗദിയിലെത്തിയ ശേഷം ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് വിസ ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമ്മാരിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഉംറ അനുഷ്ഠിക്കാനും, മദീന സന്ദർശിക്കാനും അനുമതി നൽകിയതായാണ് അദ്ദേഹം അറിയിച്ചത്.

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതിയെക്കുറിച്ച് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഹയ്യ ഡിജിറ്റൽ കാർഡ് ഉള്ളവർക്ക് 60 ദിവസം വരെ സൗദിയിൽ തങ്ങുന്നതിന് അനുവാദം നൽകുന്ന രീതിയിലാണ് ഈ പ്രത്യേക മൾട്ടി എൻട്രി-വിസ അനുവദിക്കുന്നത്.

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളവർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപ് മുതലാണ് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ വിസ തീർത്തും സൗജന്യമാണ്. എന്നാൽ ഇവർ വിസ സംവിധാനത്തിലൂടെ മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണം.

ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.