ലോകകപ്പ് കാണുന്നതിനായി സൗദി അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് ഹയ്യ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് ജവാസത്

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു. ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാസ്സ്‌പോർട്ട് ഉപയോഗിച്ച് മാത്രമാണ് ഇവർക്ക് യാത്രാനുമതി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സൽവ കര അതിർത്തിയിലൂടെ സഞ്ചരിക്കുന്ന ജി സി സി പൗരന്മാർ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കണമെന്നും ജവാസത് വ്യക്തമാക്കിയിട്ടുണ്ട്. ഹയ്യ കാർഡ് ഉള്ളവർക്ക് മാത്രമാണ് (ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാസ്സ്‌പോർട്ട് നിർബന്ധം) ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.

ലോകകപ്പ് കാണുന്നതിനായി സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഹയ്യ കാർഡ് നേടിയിട്ടുള്ള പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 911 എന്ന നമ്പറിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. https://hereforyou.sa/en/index.html എന്ന വിലാസത്തിൽ നിന്നും ഈ വിവരങ്ങൾ ലഭ്യമാണ്.

രാജ്യത്ത് നിന്ന് ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2022 നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് നേരത്തെ അറിയിച്ചിട്ടുണ്ട്.