സൗദി: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നു

featured GCC News

രാജ്യത്ത് നിന്ന് ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2022 നവംബർ 1 മുതൽ പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു. 2022 നവംബർ 1-ന് പുലർച്ചെയാണ് ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2022 നവംബർ 1-ന് 12 am മുതൽ 2022 ഡിസംബർ 23 വരെ സൗദിയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും. ലോകകപ്പ് യാത്രികർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി സൗദി അറേബ്യയുടെ അതിർത്തികൾ തയ്യാറായതായി അധികൃതർ വ്യക്തമാക്കി.

2022 നവംബർ 1 മുതൽ ഡിസംബർ 23 വരെ സൗദിയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാകുന്ന നിബന്ധനകൾ:

  • 2022 നവംബർ 1 മുതൽ ഡിസംബർ 23 വരെ ഹയ്യ കാർഡ് കൈവശമുള്ളവർക്ക് (ഹയ്യ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള പാസ്സ്‌പോർട്ട് ഉപയോഗിച്ച് കൊണ്ട്) മാത്രമാണ് സൗദിയിൽ നിന്ന് ഖത്തറിലേക്ക് യാത്രാ ചെയ്യാൻ അനുമതി നൽകുന്നത്. സൗദിയുടെ കര, വ്യോമ അതിർത്തികളിൽ ഈ നിബന്ധന ബാധകം.
  • ഖത്തർ പൗരന്മാർ, ഖത്തർ ഐഡി കാർഡുള്ള പ്രവാസികൾ എന്നിവർക്ക് ഈ നിബന്ധന ബാധകമല്ല.

ഹയ്യ കാർഡ് കൈവശമുള്ള പൗരന്മാർ, പ്രവാസികൾ, സന്ദർശകർ മുതലായവർക്ക് ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 911 എന്ന നമ്പറിൽ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. https://hereforyou.sa/en/index.html എന്ന വിലാസത്തിൽ നിന്നും ഈ വിവരങ്ങൾ ലഭ്യമാണ്.

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളർക്ക് അനുവദിക്കുന്ന സൗജന്യ മൾട്ടി-എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം 2022 ഒക്ടോബർ 16-ന് അറിയിച്ചിരുന്നു.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്നവർക്ക് സേവനങ്ങൾ നൽകുന്നതിനായി ദോഹ എക്സിബിഷൻ ആൻഡ് കോൺവെഷൻ സെന്ററിൽ (DECC) ഒരുക്കിയിട്ടുള്ള ഇന്റർനാഷണൽ കോൺസുലാർ സർവീസ് സെന്റർ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.