കുവൈറ്റ്: കർഫ്യു വേളയിൽ അടിയന്തിര യാത്രാനുമതി ലഭിക്കുന്നതിനുള്ള താത്കാലിക എക്സിറ്റ് പെർമിറ്റുകൾക്ക് അപേക്ഷിക്കാം

featured GCC News

കുവൈറ്റിൽ മാർച്ച് 7 മുതൽ ഒരു മാസത്തേക്ക് നടപ്പിലാക്കിയിട്ടുള്ള രാത്രികാല കർഫ്യു വേളയിൽ അടിയന്തിര സാഹചര്യങ്ങളിൽ വീടുകൾക്ക് പുറത്തിറങ്ങി സഞ്ചരിക്കുന്നതിന് അനുമതി നൽകുന്ന താത്കാലിക എക്സിറ്റ് പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫൊർമേഷന്റെ (PACI) നേതൃത്വത്തിൽ ആരംഭിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് സെക്ടറുമായി ചേർന്ന് സംയുക്തമായാണ് PACI ഇത്തരം എക്സിറ്റ് പെർമിറ്റുകൾ അനുവദിക്കുന്നത്.

ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിനായി ഒരു വെബ്സൈറ്റ് PACI ആരംഭിച്ചിട്ടുണ്ട്. https://curfew.paci.gov.kw/request/create എന്ന വിലാസത്തിൽ നിന്ന് കർഫ്യു വേളയിൽ അടിയന്തിര സാഹചര്യങ്ങളിൽ വീടുകൾക്ക് പുറത്തിറങ്ങി സഞ്ചരിക്കുന്നതിന് അനുമതി നൽകുന്ന താത്കാലിക എക്സിറ്റ് പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

അഞ്ച് ആവശ്യങ്ങൾക്ക് മാത്രമായാണ് ഇത്തരം താത്‌കാലിക പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് PACI വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും, രക്തദാനം, വാക്സിനേഷൻ, PCR ടെസ്റ്റ്, മറ്റു അടിയന്തിര ആവശ്യങ്ങൾ എന്നീ സാഹചര്യങ്ങളിൽ മാത്രമാണ് കർഫ്യു വേളയിൽ സഞ്ചാരാനുമതി നൽകുന്നത്. കർഫ്യു വേളയിൽ മുപ്പത് മിനിറ്റ് മുതൽ 2 മണിക്കൂർ വരെ വീടുകൾക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ അനുമതി നൽകുന്ന പെർമിറ്റുകളാണ് PACI അനുവദിക്കുന്നത്.

ഇത്തരം പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നവർ സിവിൽ ഐഡി, മൊബൈൽ നമ്പർ, വാഹനത്തിന്റെ നമ്പർ, യാത്ര ചെയ്യുന്നതിന്റെ കാരണം, അപേക്ഷകന്റെ PACI അഡ്രസ്, യാത്ര ചെയ്യുന്ന ഇടത്തിന്റെ PACI അഡ്രസ് മുതലായ വിവരങ്ങൾ നൽകേണ്ടതാണ്. പെർമിറ്റുകൾ ലഭിക്കുന്നതിനായി തെറ്റായ വിവരങ്ങളോ, വ്യാജ വിവരങ്ങളോ നൽകുന്നവർക്ക് 6 മാസം വരെ തടവും, 5000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും PACI മുന്നറിയിപ്പ് നൽകി.

മാർച്ച് 7, ഞായറാഴ്ച്ച മുതൽ ഏപ്രിൽ 8 വരെയാണ് കുവൈറ്റ് രാത്രികാല കർഫ്യു നടപ്പിലാക്കുന്നത്. ഈ കാലയളവിൽ ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാത്രികാല നിയന്ത്രണങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.