ഇന്ന് രുചിക്കൂട്ടിലൂടെ ഒരു അടിപൊളി മസാല ഞണ്ട് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഈ ഒരു കറി ഉണ്ടെങ്കിൽ ചോറിന് വേറെ ഒരു കറിയുടെയും ആവശ്യമില്ല; അത്രയ്ക്ക് രുചികരമാണ് ഈ ഞണ്ടുകറി.
മസാല ഞണ്ട് റോസ്റ്റിനു ആവശ്യമായ ചേരുവകൾ:
ഞണ്ട് കഴുകി വൃത്തിയാക്കിയത്- 3/4 കിലോ
സവാള- 4 വലുത്
പച്ചമുളക്-5 എണ്ണം
ചെറിയുള്ളി-12 എണ്ണം( രണ്ടായി മുറിച്ചത്)
വെളുത്തുള്ളി-20 അല്ലി
ഇഞ്ചി-2 വലിയ കഷ്ണം
മല്ലിയില- ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തക്കാളി-2 വലുത് ( ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ- മസാല വഴറ്റാൻ ആവശ്യമുള്ള അത്രയും
കുടംപുളി -ഒരു ചെറിയ കഷ്ണം
മഞ്ഞൾപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി-3 ടേബിൾസ്പൂൺ
സാധാ മുളകുപൊടി- ഒന്നര ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി- 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി-2 ടേബിൾസ്പൂൺ
ഗരംമസാലപ്പൊടി-1 ടേബിൾസ്പൂൺ
ചെറുചൂടുവെള്ളം-1/2 ഗ്ലാസ്
ഞണ്ട് റോസ്റ്റ് എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം:
- ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക, വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കറിവേപ്പിലയും വളരെ നേർമയായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ചേർക്കുക.
- സവാള ഒന്ന് ചൂടായി വഴന്നുവരുമ്പോൾ അതിലേക്ക് ചെറിയുള്ളി, ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞുവെച്ച പച്ചമുളക് എന്നിവ ചേർക്കുക.
- ഇതെല്ലാം നന്നായി വാടി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടിയും ചേർക്കുക. ഇതൊന്നു കുറച്ച് ചൂടാകുമ്പോൾ ബാക്കിയുള്ള പൊടികളും… മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവയും ചേർത്ത് നന്നായി ഇളക്കി മൊരിഞ്ഞു വരുമ്പോൾ മാത്രം തക്കാളി ചേർക്കുക.
- മസാലയും തക്കാളിയും നന്നായി കുഴഞ്ഞു വരുമ്പോൾ ആവശ്യത്തിന് ഉപ്പും, അര ഗ്ലാസ് ചെറു ചൂട് വെള്ളവും, ഒരു കഷ്ണം കുടംപുളിയും, മല്ലിയിലയും, അതിലേക്ക് വൃത്തിയാക്കി മുറിച്ചു വച്ചിരിക്കുന്ന ഞണ്ടും ചേർത്ത് മീഡിയം തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക.
- പിന്നീട് തീ സിമ്മിൽ ആക്കി 20 മിനിറ്റ് കൂടെ മൂടിവെച്ച് വേവിക്കുക ഇടയ്ക്ക് മൂടി തുറന്നു രണ്ടോമൂന്നോ പ്രാവശ്യം കറി നന്നായി ഇളക്കി കൊടുക്കണം.
- അരമണിക്കൂറിന് ശേഷം അടുപ്പ് ഓഫ് ചെയ്യുക.
നമ്മുടെ അടിപൊളി മസാല ഞണ്ട് റോസ്റ്റ് തയ്യാർ… (ഞണ്ടിന്റെ അളവനുസരിച്ച് ചേരുവകൾ കൂട്ടിയോ കുറച്ചോ കൊടുക്കേണ്ടതാണ്.)
തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി.
Wow! so yummy… nice one…