ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 ഓഗസ്റ്റ് അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2021 ജൂലൈ 31-ന് വൈകീട്ടാണ് ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ഇന്ത്യയും ഖത്തറും തമ്മിലേർപ്പെട്ടിട്ടുള്ള എയർ ബബിൾ കരാർ 2021 ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.”, എംബസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഒപ്പുവെച്ച ഈ കരാർ പ്രകാരം, 2021 ജൂലൈ 31 വരെയായിരുന്നു വിമാന കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്താൻ അനുമതി നൽകിയിരുന്നത്. ഈ കരാറാണ് ഇപ്പോൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് 2021 ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്.