യു എ ഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ

featured GCC News

യു എ ഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടോ, ട്രാൻസിറ്റ് യാത്രികരായോ യാത്ര ചെയ്യുന്നവർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തുന്നു. 2021 ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഇന്ത്യൻ മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ ഫെബ്രുവരി 17-ന് അറിയിപ്പ് നൽകിയിട്ടുണ്ട്.

ഫെബ്രുവരി 23 മുതൽ ഈ പുതുക്കിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, വിദേശ യാത്രികർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് 2020 ഓഗസ്റ്റിൽ പുറത്തിറക്കിയ നിർദ്ദേശങ്ങൾ അസാധുവാകുന്നതാണ്. യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക മുതലായ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികരെ പ്രത്യേകം കണ്ടെത്തി വേർതിരിക്കുന്നതിന് സഹായിക്കുന്ന നിർദ്ദേശങ്ങളാണ് മന്ത്രാലയം ഇപ്പോൾ നൽകിയിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് ഈ തീരുമാനം.

ഇതിന്റെ ഭാഗമായി, ഫെബ്രുവരി 23 മുതൽ, യാത്ര ചെയ്യുന്നതിന് മുൻപ്, 14 ദിവസങ്ങൾക്കിടയിൽ യുകെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നോ, ഈ രാജ്യങ്ങളിലൂടെയോ യാത്ര ചെയ്തിട്ടുള്ള യാത്രികരെ കണ്ടെത്താൻ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനികളോട് നിർബന്ധമായും ആവശ്യപ്പെട്ടിട്ടുണ്ട്. യു കെ, യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) ഇന്ത്യയിലെത്തിയ ശേഷം എയർപോർട്ടിൽ COVID-19 പരിശോധന നിർബന്ധമാക്കുന്നതാണ്.

യു കെ, യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്നവർക്ക് ഫെബ്രുവരി 23 മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ നിർദ്ദേശങ്ങൾ:

  • ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് തങ്ങളുടെ വിവരങ്ങൾ (14 ദിവസത്തിനിടയിൽ നടത്തിയ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പടെ) https://www.newdelhiairport.in/airsuvidha/apho-registration (എയർ സുവിധാ പോർട്ടൽ) എന്ന വിലാസത്തിൽ നൽകേണ്ടതാണ്. ഇതോടൊപ്പം ഇന്ത്യയിലെത്തിയ ശേഷമുള്ള ക്വാറന്റീൻ നടപടികൾ അനുസരിച്ച് കൊള്ളാമെന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്.
  • യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ലഭിച്ച RT-PCR പരിശോധനാ ഫലം ‘എയർ സുവിധാ പോർട്ടലിൽ’ നൽകേണ്ടതാണ്.
  • മുഴുവൻ യാത്രികർക്കും (ട്രാൻസിറ്റ് യാത്രികർ ഉൾപ്പടെ) ഇന്ത്യയിലെത്തിയ ശേഷം എയർപോർട്ടിൽ COVID-19 പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ചെലവ് യാത്രികർ വഹിക്കേണ്ടതാണ്.
  • സ്വയം സാക്ഷ്യ പത്രത്തിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ, അഡ്രസ് എന്നിവ എയർപോർട്ടിൽ വെച്ച് പരിശോധിച്ചുറപ്പിക്കുന്നതാണ്.