ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യ-യു എ ഇ വിമാനസേവനങ്ങളെക്കുറിച്ച് യാത്രികരുടെ സംശയങ്ങൾക്ക് ജൂലൈ 29-ന് രാവിലെ നൽകിയ മറുപടിയിലാണ് ഇത്തിഹാദ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവിൽ തങ്ങളുടെ വിമാനസർവീസുകൾക്കുള്ള ഈ വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ജൂലൈ 29-ന് രാവിലെ നൽകിയിട്ടുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. നേരത്തെ ഈ വിലക്കുകൾ 2021 ഓഗസ്റ്റ് 2 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് ജൂലൈ 27-ന് അറിയിച്ചിരുന്നു.
https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിലെ യാത്രാ നിബന്ധനകളിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ഓഗസ്റ്റ് 2 വരെ തുടരുമെന്നാണ് നിലവിൽ വ്യക്തമാക്കിയിരിക്കുന്നത് (അവസാനമായി പരിശോധിച്ചത്: ജൂലൈ 29 രാവിലെ യു എ ഇ സമയം 9:00-ന്).
അതേസമയം, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകൾ 2021 ഓഗസ്റ്റ് 7 വരെ നിർത്തിവെച്ചതായി എമിറേറ്റ്സ് കസ്റ്റമർ സപ്പോർട്ട് ജൂലൈ 29-ന് രാവിലെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് നേരിട്ടെത്തുന്ന യാത്രികർക്കും, 14 ദിവസത്തിനിടയിൽ ഇന്ത്യ സന്ദർശിച്ചിട്ടുള്ള യാത്രികർക്കും ദുബായിലേക്ക് ഈ കാലയളവിൽ യാത്രാ സേവനങ്ങൾ നൽകില്ലെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.
https://www.emirates.com/ae/english/help/travel-updates/#4427 എന്ന വിലാസത്തിലും ഈ ഔദ്യോഗിക അറിയിപ്പ് ലഭ്യമാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ ഓഗസ്റ്റ് 7 വരെ താത്കാലികമായി നിർത്തലാക്കിയതായി ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സന്ദർശകർ, ഗോൾഡൻ വിസകളിലുള്ളവർ, തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ ഈ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ഇളവ് നൽകിയേക്കാമെന്നും ഈ അറിയിപ്പിൽ പറയുന്നു.
2021 ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് യു എ ഇ വ്യോമയാന വകുപ്പ് പ്രവേശന വിലക്കേർപ്പെടുത്തിയത്. COVID-19 വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഈ വിലക്കുകൾ തുടരാൻ യു എ ഇ തീരുമാനിക്കുകയായിരുന്നു.