ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് നൽകി

featured GCC News

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു അറിയിപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 21-നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് അമിത നിരക്ക് ഇടാക്കുന്നവരെക്കുറിച്ച് ജാഗ്രത പുലർത്താൻ ഇന്ത്യൻ കോൺസുലേറ്റ് ഈ അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോൺസുലേറ്റിന്റെ അംഗീകാരമില്ലാത്ത അനധികൃത ഏജന്റുമാർ ഉയർന്ന നിരക്കുകൾ ഈടാക്കുന്നതായി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നാട്ടിലേക്ക് ഇത്തരത്തിൽ പ്രവാസികളുടെ മൃതദേഹം എത്തിക്കുന്നതിനുള്ള അംഗീകൃത നിരക്കുകളും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ (ICWF) അംഗീകൃതപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അസോസിയേഷനുകളുടെ വിവരങ്ങളും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.

യു എ ഇയിലെ നിയമങ്ങൾ പ്രകാരം പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം തൊഴിലുടമയിലോ, അല്ലെങ്കിൽ സ്പോൺസറിലോ നിക്ഷിപ്തമാണെന്ന് കോൺസുലേറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ സ്പോൺസറോ, മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഇൻഷുറൻസ് പരിരക്ഷയോ ഇല്ലാത്ത പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായി കോൺസുലേറ്റ് ICWF വഴി സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിൽ നിന്നും വടക്കൻ എമിറേറ്റുകളിൽ നിന്നും പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് അംഗീകരിച്ചിട്ടുള്ള സംഘടനകൾ:

  • Indian Association Ajman
  • Indian Association Sharjah
  • Indian Association UAQ
  • Indian Relief Committee, RAK
  • Indian Social Club, Fujairah
  • Indian Social Club, Khorfakkan
  • Indian Social & Cultural Club, Kalba
  • Indian People’s Forum (IPF)
  • Dubai Kerala Muslim Cultural Centre
  • AKCAF Association
  • FOI Events LLC
  • IMAN Cultural Centre

സഹായങ്ങൾക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ 24×7 ഹെല്പ് ലൈൻ +971‑50‑7347676 എന്ന മൊബൈൽ/ വാട്സ്ആപ്പ് നമ്പറിലോ, 800 46342 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://www.cgidubai.gov.in/content/Assistance-Procedure.docx_1.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.