യു എ ഇ: പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി

featured GCC News

യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

https://twitter.com/cgidubai/status/1829941610916036734

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കോൺസുലേറ്റ് ഈ അറിയിപ്പ് നൽകിയത്.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയ ഈ അറിയിപ്പിൽ താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിരിക്കുന്നത്:

  • ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് എമെർജൻസി സർട്ടിഫിക്കറ്റിനായി (EC) അപേക്ഷിക്കാവുന്നതാണ്. തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച രേഖകൾ പുതുക്കി കൊണ്ട് യു എ ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് ഷോർട് വാലിഡിറ്റി പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷകർക്ക് കോൺസുലേറ്റിൽ നിന്ന് സൗജന്യമായി എമെർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക ഫെസിലിറ്റേഷൻ കൗണ്ടറുകൾ ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഓഫീസിലും, ദുബായിലെ അവിർ ഇമ്മിഗ്രേഷൻ സെന്ററിലും ഏർപ്പെടുത്തുന്നതാണ്. കോൺസുലേറ്റിലെ ഈ ഫെസിലിറ്റേഷൻ കൗണ്ടറുകളിൽ നിന്ന് സെപ്റ്റംബർ 2 മുതൽ രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണിവരെ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.
  • അപേക്ഷകൾ സമർപ്പിച്ചതിന്റെ പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിമുതൽ വൈകീട്ട് 4 മണിവരെയുള്ള കാലയളവിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഓഫീസിൽ നിന്ന് എമെർജൻസി സർട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്.
  • ഷോർട് വാലിഡിറ്റി പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും BLS കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്-ഇൻ അടിസ്ഥാനത്തിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിനായി മുൻ‌കൂർ അനുമതി ആവശ്യമില്ല. BLS കേന്ദ്രങ്ങളുടെ പട്ടിക കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്.
  • ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും BLS കേന്ദ്രങ്ങൾ ഈ പൊതുമാപ്പ് പദ്ധതിയുടെ കാലയളവിൽ ഇവ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 മണിവരെ പ്രവർത്തിക്കുന്നതാണ്.

യാത്രാ രേഖകൾ ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കായി 050-9433111 എന്ന നമ്പറിൽ (രാവിലെ 8 മുതൽ വൈകീട്ട് 6 വരെ) ബന്ധപ്പെടാവുന്നതാണ്. 800-46342 എന്ന PBSK ഹെല്പ് ലൈൻ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

ഇതിന് പുറമെ പൊതുമാപ്പ് സംബന്ധിച്ച വിവിധ മാർഗനിർദ്ദേശങ്ങൾക്കായി വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളെ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കുന്നു:

  • Indian Social Club, Fujairah: Hashim – 050-3901330.
  • Indian Relief Committee, RAas Al Khaimah: Padmaraj – 056-1464275.
  • Indian Association, Ajman: Roop Sidhu – 050-6330466.
  • Indian Association, Sharjah: Hari – 050-7866591/06-5610845.
  • Indian Association, Umm Al Quwain: Sajad Nattika – 050 5761505.
  • Indian Social Club, Khorfakkan: Binoy Philip – 055-3894101.
  • Indian Social Cultural Centre, Kalba: Zainuddin – 050-6708008.

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വന്നിരുന്നു.

വിസ കാലാവധി സംബന്ധിച്ച ലംഘനങ്ങൾ നടത്തിയിട്ടുള്ള റെസിഡൻസി, വിസിറ്റ് ഉൾപ്പടെ എല്ലാ വിഭാഗം വിസകളിലുള്ളവർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

യു എ ഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് ഈ പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.